രോഗീപരിചരണം സേവനമായിക്കണ്ട ഡോക്ടർ
തിരുവനന്തപുരം : ഗംഗാസ്‌നാനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ഡോ. മോഹൻ കൃഷ്ണന്റെ വിയോഗത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. തിരക്കുകൾക്കിടയിലും യാത്രകളെ സ്നേഹിച്ച വ്യക്തിയായിരുന്നു മോഹൻ കൃഷ്ണൻ. പ്രായം 70 പിന്നിട്ടെങ്കിലും സമയം കിട്ടുമ്പോഴെല്ലാം തീർത്ഥാടനങ്ങൾക്കും ഉല്ലാസ യാത്രകൾക്കുമായി സമയം കണ്ടെത്തും. അത്തരമൊരു യാത്രയായിരുന്നു കുടുംബത്തോടൊപ്പം വാരണാസിലേക്കും. എന്നാൽ ഗംഗയുടെ ആഴങ്ങളിൽ അത് അന്ത്യയാത്രയായത് ദാരുണമായി. കണ്ണമ്മൂല ശ്രീനാരായണ ക്ലബിലെ സജീവപ്രവർത്തകനായിരുന്ന ഡോ. മോഹൻ കൃഷ്ണൻ ഈമാസം 29ന് ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം മുംബയ് - ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൊച്ചിയിൽ നിന്ന് മുംബയ് വരെ കപ്പലിലും തുടർന്ന് വിമാനത്തിലുമായാണ് യാത്ര ക്രമീകരിച്ചിരുന്നത്.
ഇതിനായി തന്റെയും ഭാര്യയുടെയും പേര് നൽകുകയും പണമടയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു വാരണാസിയിലേക്കുള്ള തീർത്ഥയാത്ര. രോഗീപരിചരണത്തെ സേവനമായി കണ്ട അദ്ദേഹം ചികിത്സയ്ക്ക് കാശ് മാനദണ്ഡമാക്കിയില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ നിസംശയം പറയും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി തുടർപഠനങ്ങളും പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പ്രൊഫസറായാണ് വിരമിച്ചത്. കുറച്ചുകാലം പി.ആർ.എസ് ആശുപത്രിയിൽ പ്രവർത്തിച്ച ശേഷമാണ് ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് എത്തിയത്. മുന്നിലെത്തുന്ന രോഗികളുടെ ദയനീയത മനസിലാക്കി വ്യക്തിപരമായി സഹായിക്കാനും പലപ്പോഴും ഡോ. മോഹൻ കൃഷ്ണൻ തയ്യാറായിരുന്നതായി സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഡോ. മോഹൻ കൃഷ്ണന്റെ വിയോഗം ആതുരസേവനരംഗത്തും തീരാനഷ്ടമാണ്. മുട്ടട സ്വദേശിയായ ഡോ.മോഹൻ കൃഷ്ണൻ ഭാര്യയ്ക്കും മകനുമൊപ്പം ശനിയാഴ്ച രാവിലെ ഗംഗാ സ്നാനത്തിന് ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൂവരും ഒഴുക്കിൽപ്പെട്ടെങ്കിലും മറ്റുള്ളവർ രക്ഷപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |