നെടുമങ്ങാട്: ചെല്ലാംകോട് മൂഴിനട - എൽ.പി.എസ് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളേറെയാകുന്നു.റോഡിന്റെ ദയനീയാവസ്ഥ പലതവണ നഗരസഭ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അധികാരികളുടെ നിഷേധാത്മകമായ ഈ നിലപാടിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്.ഓട നികത്തിയുളള അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം മലിനജലം ഇതുവഴി പോകുന്ന വിദ്യാർത്ഥികളുടെ ദേഹത്ത് തെറിക്കുന്നത് നിത്യസംഭവമാണ്.നൂറുകണക്കിന് വിദ്യാർത്ഥികളുൾപ്പെടെ നിരവധി കാൽനടയാത്രക്കാർ സ്ഥിരമായുപയോഗിക്കുന്ന ഇവിടം മുഴുവൻ വെളളക്കെട്ടും ചെളിയുമായതിനാൽ റോഡിന്റെ സൈഡിലൂടെയാണ് കാൽനട സാദ്ധ്യമാകുന്നത്.
മലിനജലത്തിലൂടെയുള്ള സഞ്ചാരത്തിലൂടെ കാൽനടയാത്രക്കാർക്ക് സാംക്രമികരോഗങ്ങൾ പിടിപെടുന്ന സാഹചര്യമാണ്. നിലവിൽ ഓടയുളള ഭാഗങ്ങളിൽ കാടു വളർന്ന് മലിനജലം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയിലാണ്. കുഴിയുടെ ആഴമറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായിട്ടുണ്ട്.
ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ദിവസം രണ്ട് അപകടങ്ങളെങ്കിലും ഇവിടെ നടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
നടപടികളില്ല
മൂഴിനട-എൽ.പി.എസ് റോഡിൽ ഇഴജന്തുക്കളുടെ ശല്യം കാരണം നിരവധിതവണ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നം സ്വീകരിച്ചില്ല. എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോഴേ നടപടി സ്വീകരിക്കുകയുളളൂ എന്ന സ്ഥിരം പരിപാടി ഉണ്ടാകരുത് എന്ന പ്രാർത്ഥനയിലാണ് പ്രദേശത്തെ ജനങ്ങൾ.വാർഡ് കൗൺസിലർക്ക് പലതവണ പരാതിനൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല. അടിയന്തരമായി മൂഴിനട-എൽ.പി.എസ് റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോലാംകൂടി - മണ്ണാറമ്പ് റോഡ്
15 വർഷങ്ങൾക്ക് മുൻപ് എം.എൽ.എ ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തിയ കോലാംകൂടി-മണ്ണാറമ്പ് റോഡ് പിന്നീട്ഇതുവരെയും ടാർ ചെയ്തിട്ടില്ല. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്താത്ത ഏക റോഡുകളിൽ ഒന്നാണ് ഇവിടെ.അവസ്ഥ വിവരിച്ച് നാട്ടുകാരും, വിവിധ സംഘടനകളും അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ല.കോലാംകൂടി - പൂവത്തൂർ പട്ടാളംമുക്ക് റോഡ് 100മീറ്റർ എന്നാക്കാതെ ഒറ്റ റോഡായി ടാർ ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
നൂറുകണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്ന ഈ റോഡ് പലതവണ നന്നാക്കുന്നതിനായി നെടുമങ്ങാട് നഗരസഭയിൽ പറഞ്ഞിരുന്നെങ്കിലും ഇതിനുളള ഫണ്ട് അനുവദിച്ചുതന്നിട്ടില്ല. ഫണ്ട് അനുവദിച്ചാൽ ഉടൻതന്നെ ഈ റോഡിന്റെ പണി പൂർത്തിയാക്കും.
താരാ ജയകുമാർ
വാർഡ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |