വിഴിഞ്ഞം: ഹാർബർ റോഡിൽ ഇൻസ്പെഷൻ ബംഗ്ലാവിന് സമീപം കുറ്റിക്കാട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ അകപ്പെട്ട വൃദ്ധനെ ഫയർഫോഴ്സ് ചുമലിലേറ്റി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 2ഓടെയുണ്ടായ സംഭവത്തിൽ വിഴിഞ്ഞം ചെന്നവിളാകം സ്വദേശി ഷറഫുദീനിനെയാണ് (60) രക്ഷിച്ചത്.
രണ്ടേക്കർ വിസ്തീർണമുള്ള കുറ്റിക്കാട്ടിൽ തീപിടിച്ചതറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് താഴ്ചയിൽ വീണുകിടക്കുന്ന വൃദ്ധനെ കണ്ടത്. തീ അടുത്തെത്തിയെങ്കിലും ഇയാൾ എഴുന്നേൽക്കാൻ കഴിയാത്തവിധം അവശനായിരുന്നു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇയാളെ ചുമലിലേറ്റി മുകളിലെത്തിച്ചശേഷം പ്രാഥമിക ശുശ്രൂഷ നൽകി. രണ്ടുമണിക്കൂർ പരിശ്രമിച്ചാണ് തീഅണച്ചതെന്ന് അധികൃതർ പറഞ്ഞു. ഈ ഭാഗത്ത് തള്ളിയ ചപ്പുചവറുകൾ കത്തിച്ചതിൽ നിന്നാകാം തീ പടർന്നതെന്നും വൃദ്ധൻ സ്ഥലത്ത് എങ്ങനെ എത്തിയെന്ന് വ്യക്തമല്ലെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
സ്റ്റേഷൻ ഓഫീസർ ടി.കെ.അജയ്, അസി സ്റ്റേഷൻ ഓഫീസർ അലി അക്ബർ, ഫയർ ആൻഡ് സേഫ്ടി ഓഫീസർമാരായ ജെ.കെ.രാജേഷ്, സന്തോഷ്, അഖിൽ, ബൈജു, അനുരാജ്, ഹോംഗാർഡ് സജികുമാർ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |