ആറ്റിങ്ങൽ: കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിനു സമീപത്തെ ബൈപ്പാസ് നിർമ്മാണത്തിൽ സർവീസ് റോഡ് ഒഴിവാക്കിയ മേഖലയിൽ ഫ്ലൈ ഓവർ പണിയണമെന്ന ആവശ്യം ശക്തം. ഈ മേഖലയിൽ അധികൃതർ സർവീസ് റോഡ് ഒഴിവാക്കിയതോടെ ഗതാഗതപ്രശ്നം രൂക്ഷമാകുന്ന സാഹചര്യമാണ്. പകരം സംവിധാനമായ അണ്ടർപാസേജ് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. നിലവിലെ സാഹചര്യത്തിൽ തിരുവാറാട്ടുകാവിലെ പുറത്തെഴുന്നള്ളത്തും ഒഴിവാക്കേണ്ടിവരും. തിരുവാറാട്ടുകാവിന് എഴുന്നൂറു വർഷത്തെ ചരിത്രപ്പെരുമയുള്ള പാട്ടുപുരയുടെ മണ്ഡപം സംരക്ഷിക്കണമെന്ന് ഹൈക്കോടതി ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ബന്ധപ്പെട്ടവർ ഒരു വശത്തെ സർവീസ് റോഡ് ഒഴിവാക്കി പുതിയ രൂപകൽപ്പന നടത്താൻ നിർബന്ധിതമായത്. ഇപ്പോൾ സർവീസ് റോഡ് ഒഴിവാക്കിയിട്ടും ബൈപ്പാസിൽ നിന്ന് ഒന്നരമീറ്റർ മാത്രം അകലമാണ് പാട്ടുപുരയ്ക്കുള്ളത്. മേൽക്കൂരയിൽ നിന്ന് അരമീറ്റർ മാത്രം ദൂരവും. സൈഡ് വാൾ കെട്ടുമ്പോൾ പാട്ടുപുരയുടെ ഒരു വശം ഇല്ലാതാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനുപുറമേ ആനയുമായുള്ള പുറത്തെഴുന്നള്ളത്തുതന്നെ പൂർണമായി ഒഴിവാക്കേണ്ടിവരും. ഇതിന് പരിഹാരമായി ഈ മേഖലയിൽ ഫ്ലൈഓവർ വേണമെന്ന ആവശ്യവും ശക്തമാണ്.
താഴ്ന്ന റോഡും നദിക്കരയും
ആറുവരിപ്പാത ഫ്ലൈഓവറാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഒരുവശത്തെ 3വരിപ്പാതയെങ്കിലും ഫ്ലൈഓവറാക്കി മാറ്റിയാൽ അതിനു താഴെ സർവീസ് റോഡും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ വാദം. ഇതിനുപുറമേ ഈ മേഖല നദിയുടെ കരയാണ്. താഴ്ന്ന റോഡും നദിക്കരയും ദേശീയപാതയ്ക്ക് ബലക്ഷയം ഉണ്ടാക്കുമോയെന്ന ആശങ്കയുമുണ്ട്. ഈ ഭാഗത്ത് വേണ്ടിയിരുന്നത് എലിവേറ്റഡ് ഹൈവേയോ ഓവർബ്രിഡ്ജോ ആയിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള നിർമ്മാണ പ്രവർത്തനത്തിന് അതാണ് ആവശ്യം. ഇതു ചൂണ്ടിക്കാട്ടി നാട്ടുകാർ ദേശീയപാത അതോറിട്ടിക്ക് കത്തു നൽകിയിരുന്നു. എന്നാൽ അതിൽ യാതൊരു നടപടിയും അധികൃതർ കൈക്കൊണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |