ആറ്റിങ്ങൽ: ആലംകോട് ഗവ.വി.എച്ച്.എസ്.ഇയിൽ നടന്ന റാഗിംഗിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതുമായി ബന്ധപ്പെട്ട സീനിയർ വിദ്യാർത്ഥികളായ 7 പേരെ സംഭവദിവസം തന്നെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
പ്ലസ് വണ്ണിന് പുതുതായി അഡ്മിഷനെടുത്ത വിദ്യാർത്ഥികളാണ് റാഗിംഗിന് ഇരയായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പുതിയതായി പ്രവേശനം നേടിയ മുഹമ്മദ്അമീൻ,മുഹമ്മദ് ഷിഫാൻ,മുഹമ്മദ് മുനീർ എന്നിവരോട് സീനിയർ വിദ്യാർത്ഥികളിൽ ചിലർ പേര് ചോദിച്ചു. മറുപടി പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്നാരോപിച്ചായിരുന്നു റാഗിംഗ്.
പിന്നീട് കൂടുതൽ സീനിയർ വിദ്യാർത്ഥികളെത്തി ഇവരെ മർദ്ദിക്കുകയായിരുന്നു. പുതിയതായി എത്തിയ വിദ്യാർത്ഥികളെ ഇരുപതോളം വരുന്ന സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചുവെന്നാണ് പരാതി.
കണ്ണിനും തലയ്ക്കും ശരീരത്തിലും അടിയേറ്റതായി ജൂനിയർ വിദ്യാർത്ഥികൾ പറയുന്നു. മുഹമ്മദ് അമീൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തിയാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
നഗരൂർ പൊലീസിൽ പ്ലസ്‌വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ, പി.ടി.എ, രക്ഷകർത്താക്കൾ,പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തുടർ നടപടികളുണ്ടാകുമെന്ന് വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |