തൃശൂർ: അരങ്ങും അണിയറയുമില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും മാന്ത്രികതയും തിരശ്ശീലയുമില്ല. എങ്കിലും തുറന്ന വേദിയിൽ കാണാം ഭാവാഭിനയം. കോട്ടയം കുടമാളൂർ കുന്നിൻപുറത്ത് വീട്ടിൽ കെ.ആർ.രമേഷിന്റെ നാടകങ്ങളാണ് വേറിട്ട അനുഭവമാകുന്നത്. ഇറ്റ്‌ഫോക്കിൽ അരങ്ങേറിയ ആർക്ടിക് ഇതിനുദാഹരണമാണ്. പതിന്നാലടി നീളവും നാലടി വീതിയും നാല് വശത്തുമുള്ള ലൈറ്റുമായിരുന്നു ആർക്ടിക്കിലുണ്ടായിരുന്നത്. പശ്ചാത്തല സംഗീതമില്ല. സ്‌പോട്ട്‌ലൈറ്റ് പ്രവർത്തിപ്പിക്കുന്നത് നടന്മാർ. സദസിൽ നിന്നുൾപ്പെടെ പ്രത്യക്ഷപ്പെട്ട് അവർ ഒരു മണിക്കൂർ കാണികളെ വിസ്മയിപ്പിച്ചു. മണ്ണിനെ ദ്രോഹിച്ച കർഷകന് ഭൂഗുരുത്വാകർഷണം നഷ്ടപ്പെട്ട് മണ്ണിലിറങ്ങിയാൽ പറന്നുപോകുമെന്ന്
തോന്നുന്നതും ഉന്മാദത്തിന് ചികിത്സ തേടുന്നതുമാണ് പ്രമേയം. നാല് പതിറ്റാണ്ടായി നാടകം ജീവിതമാക്കിയ രമേഷിന് തുറന്ന വേദികളാണിഷ്ടം. നാടകത്തിന്റെ പേരു മുതൽ തുടങ്ങുന്നു വ്യത്യസ്തത. ചിലതിൽ 60 വരെ കഥാപാത്രങ്ങളുണ്ട്.
20 വേദികളിൽ അവതരിപ്പിച്ച രണ്ടു മുറി, അടുക്കള, തിണ്ണയും കാട്ടുമാക്കാൻ, തുപ്പൽ മത്സ്യം എന്നിവയും 60ലധികം നാടകങ്ങളിൽ ശ്രദ്ധേയമാണ്. രണ്ടു മുറി അടുക്കള തിണ്ണയിൽ പ്രളയത്തിൽ വീട് മുങ്ങിപ്പോകുന്നതാണ് വിഷയം. സംസ്ഥാനത്ത് പ്രളയമുണ്ടാകുന്നതിന് മുമ്പായിരുന്നു അരങ്ങേറ്റം. മൂന്നര സെന്റിൽ ചെമ്പരത്തി തോട്ടത്തിലാണ് നാടകം അരങ്ങേറുക. പൂക്കൾക്ക് തേനൂട്ടുന്ന കഥാപാത്രമാണ് ശ്രദ്ധേയം. 35 കുട്ടികൾ ഉൾപ്പെടെ 60 പേർ അഭിനേതാക്കൾ.
കാട്ടുമാക്കാനും മനുഷ്യ ലൈബ്രറിയും
29ാം വയസിലൊരുക്കിയ 'കാട്ടുമാക്കാൻ' എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പന്ത്രണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ചിരുന്നു. സാമൂഹ്യ ഇടപെടലിൽ മനംമടുത്ത മുഖ്യകഥാപാത്രം വേദിയിലെ തിരശ്ശീലച്ചരടിൽ തൂങ്ങിമരിക്കുന്നതാണ് പ്രമേയം. ലൈബ്രറിയിലെ പുസ്തകങ്ങൾ പോലെ മനുഷ്യരെ പഠിക്കാൻ, ഷെൽഫിൽ പ്രദർശിപ്പിക്കുന്ന ഇതിവൃത്തമുള്ള 'കൃതി'യും വ്യത്യസ്തമായിരുന്നു. ചീവീടുകളുടെ സിംഫണി കാസർകോട്ടും മുല്ലപ്പൂ വിപ്‌ളവം കണ്ണൂരിലും താമസിയാതെ അരങ്ങേറും.
പതിവ് രീതിയും അമിതമായ ശബ്ദവും വെളിച്ചവും എനിക്ക് ശല്യമാണ്.
രമേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |