തൃശൂർ: ഭക്തിയുടെ നിറവിൽ മഹാശിവരാത്രി ആഘോഷം. ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്. വടക്കുന്നാഥൻ, മമ്മിയൂർ ശിവക്ഷേത്രം, മുതുവറ ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, തൃക്കൂർ മഹാദേവ ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ്, അശോകേശ്വരം തുടങ്ങി വിവിധ ശിവക്ഷേത്രങ്ങളിൽ നൂറുക്കണക്കിന് പേർ ദർശനത്തിനെത്തി. വടക്കുന്നാഥനിൽ ഇന്നലെ പുലർച്ചെ മുതൽ താന്ത്രിക ചടങ്ങാരംഭിച്ചു. രാവിലെ കക്കാട് രാജപ്പൻമാരാരുടെ നേതൃത്വത്തിൽ തായമ്പക നടന്നു. മൂന്നിന് കൂത്ത് അരങ്ങേറി. വൈകീട്ട് ക്ഷേത്രോപദേശ സമിതിയുടെ നേതൃത്വത്തിൽ ലക്ഷംദീപം തെളിച്ചു. രാത്രി ദേവീദേവന്മാരുടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള വരവ് ആരംഭിച്ചു. പൂരത്തിൽ പങ്കാളികളായ 10 ദേവീദേവന്മാരും അശോകേശ്വരം തേവരും വടക്കുന്നാഥനിലെത്തി വണങ്ങി. തൃപ്പുകയ്ക്ക് ശേഷം കൂട്ടിയെഴുന്നള്ളിപ്പും നടന്നു. ശിവരാത്രി മണ്ഡപത്തിൽ രാവിലെ മുതൽ കലാപരിപാടികളുണ്ടായിരുന്നു.
ശിവരാത്രി മഹാപരിക്രമ
തൃശൂർ: ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കുന്നാഥനിൽ ശിവരാത്രി മഹാ പരിക്രമ നടത്തി. ശ്രീമൂല സ്ഥാനത്ത് നിന്നും ആരംഭിച്ച മഹാപരിക്രമയുടെ ഉദ്ഘാടനം പുറനാട്ടുകര ശ്രീ രാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ നിർവഹിച്ചു. പാറമേക്കാവ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ അദ്ധ്യക്ഷനായി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ എം. മോഹനൻ, വി.കെ. വിശ്വനാഥൻ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, പി. സുധാകരൻ, പി.ആർ. ഉണ്ണി, എം. ലക്ഷ്മി, കെ. നന്ദകുമാർ, കെ.കെ. രാമൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |