തൃശൂർ: അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കൂടിയതോടെ റോഡുകളിലും സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് വ്യാപകപരിശോധന തുടരും. ഗുരുതര നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളുമുണ്ടാകും.
പിന്നീട് സസ്‌പെൻഷൻ പിൻവലിക്കാൻ ബോധവത്കരണ ക്ലാസും നിർബന്ധിത സാമൂഹിക സേവനവും നടപ്പാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉന്നതഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ലൈൻ ട്രാഫിക് സിഗ്‌നൽ ലംഘനങ്ങൾ, ഓവർലോഡ് തുടങ്ങിയവയാണ് വ്യാപകമായി പരിശോധിക്കുന്നത്. ബുധനാഴ്ച തുടങ്ങിയ സ്‌പെഷ്യൽ ഡ്രൈവ് ശനിയാഴ്ച വരെ നടക്കും. പരിശോധനയിൽ തൃശൂർ പാലക്കാട് ജില്ലകളിലെ മുഴുവൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമുണ്ട്.
ലൈൻ ട്രാഫിക്, സിഗ്‌നൽ ലംഘനം തുടങ്ങിയവ സംബന്ധിച്ച ലഘുലേഖകൾ ഡ്രൈവർമാർക്ക് വിതരണം ചെയ്തതിനു പിന്നാലെ ആദ്യദിനം തന്നെ 432 വാഹനങ്ങൾ പരിശോധിക്കുകയും കണ്ടെത്തിയ ക്രമക്കേടുകൾക്ക് പിഴയൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സംസ്ഥാനത്തെ മൊത്തം അപകടങ്ങളിൽ 65 ശതമാനത്തിനും മരണങ്ങളിൽ 55 ശതമാനത്തിനും കാരണം അശ്രദ്ധമായി വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കഴിഞ്ഞമാസം മുതൽ സംസ്ഥാനതല കാമ്പയിനുകൾ തുടങ്ങിയിരുന്നു.
സിഗ്‌നൽ ലംഘനം, സീബ്രാ ലൈനിലെ പാർക്കിംഗ് തുടങ്ങി നിരവധി ട്രാഫിക് നിയമലംഘനങ്ങളാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മദ്ധ്യമേഖല ഉദ്ഘാടനം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.പി. ജയിംസ് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം സ്‌പെഷ്യൽ ഡ്രൈവ് ഉദ്ഘാടനം നിർവഹിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ: കെ.കെ. സുരേഷ് കുമാർ, ജോയിന്റ് ആർ.ടി.ഒമാരായ ടി.എൻ. ശിവൻ, കെ. രാജേഷ്, കെ.എ. രാജു തുടങ്ങിയവർ നേതൃത്വം നൽകി.
ഓവർലോഡ് വാഹനങ്ങളും
ഇന്നലെ വ്യാപകമായി ഓവർലോഡ് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. അമിതഭാരം കയറ്റിക്കൊണ്ടുപോകുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി ലഭിക്കുന്നതായി ചില ജില്ലകളിൽ നിന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് സംസ്ഥാനമൊട്ടാകെ വിജിലൻസും മിന്നൽ പരിശോധന നടത്തിയിരുന്നു. ജി.എസ്.ടി, റോയൽറ്റി ഇനങ്ങളിൽ മാത്രം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞമാസം വിജിലൻസിന്റെ മിന്നൽ നടപടി.
വരുംദിവസങ്ങളിലും കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും. സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ഡോർ തുറന്നു വച്ച് സർവീസ് നടത്തുന്നുമൂലം യാത്രക്കാർ റോഡലേക്ക് തെറിച്ചുവീണ് അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തിൽ പരശോധന ശക്തമാക്കും. ഇങ്ങനെ സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കും
- കെ.കെ. സുരേഷ് കുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |