തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് 28ന് നടക്കും. ഉച്ചയ്ക്ക് 1.35നും 2.30നും മദ്ധ്യേ കർക്കടകം രാശിയിലാണ് ചടങ്ങ്. ഊരായ്മക്കാർ കുളിച്ച് വന്ന് ക്ഷേത്ര മണ്ഡപത്തിലിരുന്ന് തേവരെ എഴുന്നള്ളിക്കാൻ അനുവാദം നൽകും. തുടർന്ന് തൃക്കോൽ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സേതുകുളത്തിൽ ആറാട്ടിനായി അഞ്ചാനകളോടെ സ്വർണ്ണക്കോലത്തിൽ തേവർ പുറപ്പെടും. ആറാട്ടിന് ശേഷം പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളും.
ക്ഷേത്രത്തിലെ മറ്റ് പൂജകൾക്ക് ശേഷം ക്ഷേത്ര ചുറ്റമ്പലത്തിനകത്തെ തീർത്ഥ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട്. 29ന് വൈകിട്ട് തേവർ കാട്ടൂർ പൂരത്തിന് പുറപ്പെടും. 30ന് കാട്ടൂർ പൂരം കഴിഞ്ഞ് തിരിച്ചുവരുന്ന തേവർ കുറുപ്പിന്റെ പടിക്കൽ നിയമവെടിയും ഇല്ലത്തെ പറയും കഴിഞ്ഞ് പുത്തൻകുളത്തിൽ ആറാടും. തുടർന്ന് ബ്ളാഹയിൽ കുളത്തിൽ ആറാട്ട്. വൈകിട്ട് കുറുക്കൻ കുളത്തിൽ ആറാട്ട്. 31ന് ഉഷപൂജയ്ക്ക് ശേഷം വെന്നിക്കൽ അമ്പലത്തിൽ പറയെടുത്ത് കോതകുളത്തിൽ ആറാട്ട്. ശേഷം പൈനൂർ പാടത്ത് ചാലുകുത്തൽ. വൈകിട്ട് രാമൻകുളം ആറാട്ടിനെത്തും. എപ്രിൽ 1ന് തേവർ പള്ളിയോടത്തിൽ പുഴ കടക്കും. തുടർന്ന് കിഴക്കെനട പൂരം. 2ന് രാവിലെ ജ്ഞാനപ്പിള്ളി മന, കുന്നത്ത് മന പറകൾക്ക് ശേഷം കുട്ടൻകുളത്തിൽ ഇറക്കി പൂജ, ആറാട്ട്. വൈകിട്ട് സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ അക്കരെ കടന്ന് തന്ത്രി ഇല്ലത്തേക്ക് എഴുന്നള്ളും. തുടർന്ന് ആവണങ്ങാട്ട് കളരിയിലെ പറ സ്വീകരിച്ച് വിഷ്ണുമായ ഭഗവാനെയും കൂട്ടി മുരിയാംകുളങ്ങര ക്ഷേത്രം വഴി തിരിച്ചെത്തും. 3ന് ഭഗവാൻ സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ ആറാട്ടുപുഴ പൂരത്തിന് പുറപ്പെടും. രാത്രി 9ന് ചിറയ്ക്കൽ സെന്ററിൽ ഇറക്കി എഴുന്നള്ളിക്കും.
4ന് തേവർ ഉത്രം വിളക്ക് ആഘോഷിക്കും. സേതുകുളത്തിൽ ആറാട്ട് കഴിഞ്ഞ് തേവർ അകത്തേക്ക് എഴുന്നള്ളും. അത്താഴ ശീവേലിയോടെ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് സമാപനമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |