ചെറുതുരുത്തി: കലാമണ്ഡലത്തോളം തന്നെ ചരിത്രമുണ്ട് ഇവിടെയുള്ള തപാൽപ്പെട്ടിക്കും. ചെറുതുരുത്തി പോസ്റ്റോഫീസിന്റെ കീഴിലാണ് ഈ തപാൽപ്പെട്ടി. ചെറുതുരുത്തി പോസ്റ്റ് ഓഫീസ് പരിധിയിൽ എട്ടോളം തപാൽപ്പെട്ടികൾ ഉണ്ടായിരുന്നതിൽ ശേഷിക്കുന്നത് കലാമണ്ഡലത്തിലേത് മാത്രമാണ്.
ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കലാമണ്ഡലത്തിൽ കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരുടെ ഏക ആശ്രയമായിരുന്നു ഈ തപാൽപ്പെട്ടി. കവിതകൾ, കഥകൾ, അവാർഡിനുള്ള അപേക്ഷകൾ, ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുള്ള നിവേദനങ്ങൾ, വിദേശ രാഷ്ട്രങ്ങളിൽ നിന്നും പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ അയക്കുന്ന സന്ദേശങ്ങൾ അങ്ങനെ നീളുന്നു ഈ തപാൽപ്പെട്ടിയെ ആശ്രയിച്ചവരുടെ നിര.
ആദ്യമായി കലാമണ്ഡലത്തിൽ തപാൽ പ്പെട്ടി സ്ഥാപിച്ചത് എന്നാണെന്ന് രേഖകളിലില്ല. എന്നാൽ 1972ൽ പുതിയ കലാമണ്ഡലത്തിലേക്ക് ഓഫീസ് മാറിയപ്പോഴും പഴയ തപാൽപ്പെട്ടിക്ക് പകരം പുതിയത് സ്ഥാപിച്ചിരുന്നു. അഞ്ചു വർഷത്തിലൊരിക്കലാണ് തപാൽപ്പെട്ടികളുടെ അറ്റകുറ്റപ്പണികൾ തീർത്ത് പുത്തനാക്കാറ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഔദ്യോഗിക തപാൽ സർവീസിന് മുൻപേ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലുണ്ടായിരുന്ന ആഭ്യന്തര തപാൽ സമ്പ്രദായത്തിന്റെ ഭാഗമായ അഞ്ചൽ ഓഫീസ് ചെറുതുരുത്തിയിൽ ഉണ്ടായിരുന്നത്രെ. 1951ൽ ഇന്ത്യൻ കമ്പി തപാൽ വകുപ്പിൽ ലയിക്കുകയും ചെറുതുരുത്തിയിൽ സബ് പോസ്റ്റ് ഓഫീസ് നിലവിൽ വരികയും ചെയ്തെന്നാണ് ചരിത്രം.
ആദ്യ കാലഘട്ടങ്ങളിൽ തപാൽ ഉരുപ്പടികൾ കൊണ്ട് തപാൽപ്പെട്ടി നിറയാറുണ്ട്. ഇപ്പോൾ ആഴ്ചയിൽ ഒരു കത്തെങ്കിലും കിട്ടിയാലായി എന്നതാണ് സ്ഥിതി.
-രവീന്ദ്രൻ, എം.ടി.എസ്, ചെറുതുരുത്തി പോസ്റ്റ് ഓഫീസ്
1972 ഗുരുകുല സമ്പ്രദായത്തിൽ മിഴാവ് പഠിക്കാൻ ചേരുന്ന കാലം മുതൽ ആശ്രയിച്ചിരുന്നത് തപാൽ മാർഗത്തെയാണ്. ഈ തപാൽപെട്ടിയിലൂടെ നൂറുകണക്കിന് കത്തുകൾ അയച്ചിട്ടുണ്ട്. നിരവധി അവാർഡുകളുടെ അറിയിപ്പും ലഭിച്ചിട്ടുണ്ട്.
- കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം മുൻ പ്രൊഫസറും മിഴാവ് വകുപ്പ് മേധാവിയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |