തൃശൂർ: ഒരു മണിക്കൂറോളം കേന്ദ്രസഹമന്ത്രിയ്ക്കായി കാത്തിരുന്ന കുട്ടികളടക്കം നിരാശരായി. സ്കൂൾ സന്ദർശിക്കാതെ മടങ്ങി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ മുല്ലശ്ശേരിയിലെ പെരുവല്ലൂർ ഗവ.യുപി സ്കൂളിലാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും കാണാൻ കൂട്ടാക്കാതെ മന്ത്രി പോയത്. മന്ത്രി സഞ്ചരിച്ച വാഹനം സ്കൂൾ ഗേറ്റ് കടന്ന് ഉള്ളിലെത്തിയെങ്കിലും അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. പിന്നീട് വാഹനം പുറകോട്ടേക്കെടുത്ത് പെരുവല്ലൂരിലെ റോഡ് ഉദ്ഘാടന വേദിയിലേക്ക് പോവുകയായിരുന്നു.
എന്നാൽ കേന്ദ്രമന്ത്രിയുടെ പോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നും സുരാക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് തിരിച്ചുപോയതെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അടുത്ത വർഷം ശതാബ്ദി ആഘോഷിക്കുന്ന പെരുവല്ലൂർ ഗവ.യുപി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിനുള്ള തുക എംപി ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. സ്കൂൾ സന്ദർശിച്ചതിന് ശേഷം തീരുമാനിക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
പെരുവല്ലൂരിലെ റോഡ് ഉദ്ഘാടനത്തിനെത്തുമ്പോൾ മന്ത്രി സ്കൂൾ സന്ദർശിക്കുമെന്ന് വാർഡ് അംഗം സ്കൂൾ പ്രധാനാദ്ധ്യാപികയോട് പറഞ്ഞിരുന്നു. അതുപ്രകാരമാണ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നത്. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും ക്ലസ്റ്റർ ക്ലാസ് മാറ്റിവെച്ചാണ് സ്കൂളിൽ എത്തിയത്. റോഡ് ഉദ്ഘാടന സ്ഥലത്തുള്ള പെരുവല്ലൂർ അങ്കണവാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തിയിരുന്നു. അങ്കണവാടിയിലെ കുട്ടികളുമായി ഫോട്ടോ എടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |