തൃശൂർ: സുരേഷ് ഗോപി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകം തകർത്ത് പുഷ്‌പചക്രം വച്ച നിലയിൽ. തൃശൂർ പെരുവല്ലൂരിലാണ് സംഭവം. കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകമാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ശനിയാഴ്‌ചയാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഞായറാഴ്‌ചയാണ് ഇത് തകർന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫലകം തകർത്ത് അതിനുമുകളിൽ ഒരു പുഷ്‌പചക്രം വച്ച നിലയിലായിരുന്നു.
സംഭവത്തിൽ ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പൊലീസിൽ പരാതി നൽകി. സാമൂഹ്യവിരുദ്ധർക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇവിടെ പ്രകടനവും നടത്തി.
ശനിയാഴ്‌ച ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി തൊട്ടടുത്തുള്ള യുപി സ്‌കൂൾ സന്ദർശിക്കാത്തത് വാർത്തയായിരുന്നു. മുല്ലശ്ശേരിയിലെ പെരുവല്ലൂർ ഗവ.യുപി സ്‌കൂളിലാണ് ഒരു മണിക്കൂറോളം കേന്ദ്രസഹമന്ത്രിയ്ക്കായി കാത്തിരുന്ന് കുട്ടികളടക്കം നിരാശരായത്.
ശനിയാഴ്ച രാവിലെ മുല്ലശ്ശേരിയിലെ പെരുവല്ലൂർ ഗവ.യുപി സ്‌കൂളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും കാണാൻ കൂട്ടാക്കാതെ മന്ത്രി പോയി. മന്ത്രി സഞ്ചരിച്ച വാഹനം സ്‌കൂൾ ഗേറ്റ് കടന്ന് ഉള്ളിലെത്തിയെങ്കിലും അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. പിന്നീട് വാഹനം പുറകോട്ടേടുത്ത് പെരുവല്ലൂരിലെ റോഡ് ഉദ്ഘാടന വേദിയിലേക്ക് പോവുകയായിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ പ്രോഗ്രാം പട്ടികയിൽ സ്‌കൂൾ സന്ദർശനം ഇല്ലെന്നും സുരക്ഷാക്രമീകരണ ഭാഗമായാണ് അദ്ദേഹം തിരിച്ചുപോയത് എന്നുമാണ് സുരേഷ് ഗോപിയുടെ സുരക്ഷാഉദ്യോഗസ്ഥർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |