തൃശൂർ: കുന്നംകുളത്ത് സമാപിച്ച റവന്യൂ ജില്ലാ കായികമേളയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിൽ നട്ടംതിരിഞ്ഞ് താരങ്ങൾ. പോൾ വാൾട്ട് മത്സരത്തിന് മൊബൈൽ വെളിച്ചത്തിലാണ് കുട്ടികളുടെ ഉയരം രേഖപ്പെടുത്തിയത്. പോൾ കുത്തി ചാടേണ്ട കുഴിയും കുട്ടികൾക്ക് കാണാൻ സാധിച്ചില്ല. ജാവലിന് ത്രോ മത്സരത്തിനും വെളിച്ചക്കുറവ് തടസമായി.
ഹൈജംപിന് ഉപയോഗിക്കുന്ന ബെഡ് തന്നെയാണ് പോൾ വാർട്ടിനും ഉപയോഗിച്ചത്. ഇതുമൂലം മത്സരങ്ങൾക്കായി കുട്ടികൾക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. വേണ്ടത്ര ഹഡിൽസുകളുടെ കുറവും താരങ്ങളെ വലച്ചു. ആദ്യദിനം മഴയും വെളിച്ചക്കുറവും മൂലം ഏഴ് ഇനങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റി. സബ് ജൂനിയർ, ജൂനിയർ, സീനിയർ മത്സരങ്ങൾ രണ്ട് പേരെ വീതം മത്സരിപ്പിച്ചാണ് മികച്ച സമയക്കാരെ തെരഞ്ഞെടുത്തത്. എട്ട് ട്രാക്കുള്ള ഗ്രൗണ്ടിൽ പ്രൊഫഷണൽ രീതിയിൽ ഹഡിലുകൾ വച്ച് മത്സരം നടത്തിയാൽ കുട്ടികളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്ന് പരിശീലകരും രക്ഷിതാക്കളും പറയുന്നു.
സ്‌കൂളുകളും പിന്നിൽ
ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും യാതൊരു സൗകര്യങ്ങളുമില്ലാതെയാണ് പരിശീലനം. പോൾവാൾട്ടിൽ പല കുട്ടികളും പരിശീലനം നേടുന്നത് മുളങ്കമ്പിലാണ്. സ്‌കൂളിലെ പതിനെട്ട് വർഷം പഴക്കമുള്ള മുളങ്കമ്പിൽ പരിശീലനം നടത്തിയാണ് കായികമേളയിൽ സീനിയർ വിഭാഗത്തിൽ ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ നന്ദന എസ്. മേനോൻ മത്സരിച്ച് സ്വർണം നേടിയത്.
അദ്ധ്യാപക മികവിൽ നേട്ടങ്ങൾ
ആളൂർ ആർ.എം.എച്ച്.എസ് പോലുള്ള ചുരുക്കം ചില സ്‌കൂളുകൾ, കായികാദ്ധ്യാപകരുടെ മികവിലാണ് പരിമിതമായ സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടം കൈവരിച്ചത്. ആളൂർ ആർ.എം.എച്ച്.എസിലെ പരിശീലകൻ അരുൺ അരവിന്ദാക്ഷന്റെ കീഴിലിറങ്ങിയ സംഘവും മേലൂർ സെന്റ് ജോസഫ് സ്‌കൂളിലെ കായികാദ്ധ്യാപകൻ എം.ജെ.ജോജുവിന്റെ കുട്ടികളും ഇത്തരത്തിൽ മിന്നും വിജയം നേടി. അരുണിന്റെ സംഘം പത്ത് സ്വർണമടക്കം 15 മെഡലാണ് സ്വന്തമാക്കിയത്. മേലൂർ സെന്റ് ജോസഫ് എച്ച്.എസിലെ കുട്ടികളും അഞ്ച് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 15 മെഡൽ നേടി. മാള എസ്.എൻ.വി.എച്ച്.എസിലെ കായികാദ്ധ്യാപകൻ സബീഷ്, കുണ്ടുകാട് നിർമ്മല സ്‌കൂളിലെ കെ.ജി.തോമസ്, ചൂണ്ടൽ സ്‌കൂളിലെ എൽ.ഐ.ജി.എച്ച്.എസിലെ സിന്ധു എന്നിവരും തങ്ങൾക്കുള്ള പരിമിതമായ സൗകര്യങ്ങളിലാണ് കുട്ടികളെ മേളയിലെത്തിച്ചത്. സർക്കാർ സ്‌കൂളുകളിലെ നിരവധി താരങ്ങൾ നേട്ടം കൊയ്‌തെങ്കിലും ഭൂരിഭാഗവും അക്കാഡമികളെ ആശ്രയിച്ചാണ് പരിശീലനം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |