കോഴിക്കോട് : നിയമത്തിൽ കുരുങ്ങി കരകയറാനാവാതെ സരോവരം മലിനജല സംസ്കരണ പ്ലാന്റ്. നഗരത്തിലെ മലിനജല പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി കൊണ്ടുവന്ന പ്ലാന്റ് നിർമ്മാണമാണ് തീരദേശ പരിപാലന നിയമപ്രകാരം ലഭിക്കേണ്ട അനുമതി വൈകുന്നതിനാൽ പാതിവഴിയിൽ മുടങ്ങിനിൽക്കുന്നത്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തിയ കോതി, ആവിക്കൽ പ്ലാന്റ് പദ്ധതി പ്രദേശവാസികളുടെ എതിർപ്പും സമരങ്ങളും കേസുമെല്ലാമായി അഞ്ചുവർഷം നീണ്ടുപോയിരുന്നു. ഒടുവിൽ വെസ്റ്റ്ഹിലിലേക്ക് മാറ്റാൻ തീരുമാനിച്ചു.
@കടമ്പകൾ കഠിനം
.മുടങ്ങിയത് ടെൻഡറോളമെത്തിയ പദ്ധതി
.ടെൻഡർ വിളിച്ച ആറ് കമ്പനികൾ അഞ്ചും അയോഗ്യരായി.
.ഒരു കമ്പനി കേസിന് പോയി
.കേസ് തീരാതെ പുരോഗതിയില്ല.
.വേണം തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതി.
@കോടികൾ വെള്ളത്തിൽ
ഒരു പതിറ്റാണ്ട് മുമ്പ് തന്നെ സരോവരത്ത് കോർപ്പറേഷൻ സുസ്ഥിര നഗര വികസന പദ്ധതിയിലുൾപ്പെടുത്തി പ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചിരുന്നു. 19 കോടിയോളം രൂപ ചെലവഴിച്ച് അതിനായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ചില കാരണങ്ങളാൽ പദ്ധതിയിൽ പുരോഗതിയുണ്ടായില്ല.
@ജീവൻ നൽകി അമൃത്
ചത്തുകിടന്ന പദ്ധതിക്ക് 302 കോടി രൂപ ചെലവിൽ അമൃത്- രണ്ട് പദ്ധതിയിൽ പ്ലാന്റ് പണിയാനാണ് ആദ്യം തീരുമാനിച്ചത്. 302 കോടിയുടെ 33.33 ശതമാനം തുക കോർപ്പറേഷൻ കണ്ടെത്താനായിരുന്നു തീരുമാനം. നേരത്തെ വാട്ടർ അതോറിറ്റിയെ ഏൽപ്പിച്ച ചുമതല കോർപ്പറേഷൻ നേരിട്ട് ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അതും നടന്നില്ല. വീണ്ടും ചുമതല വാട്ടർ അതോറിറ്റി ഏറ്റെടുത്തു. വെസ്റ്റ്ഹിലിൽ 97 സെന്റ് സ്ഥലത്ത് ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ രീതിയിലാണ് 15 എംഎൽഡി പ്ലാന്റ് നിർമിക്കുന്നത്. 64.7 കോടിയുടെ കരാർ കെസിസിഎൽ-എഐഐപി(ജെവി)ക്കാണ്. ടെൻഡറായ പദ്ധതിക്ക് മലിനീകരണനിയന്ത്രണബോർഡിന്റെ അനുമതി ലഭിച്ചു. കോതി, ആവിക്കൽപ്ലാന്റ് ആസൂത്രണംചെയ്ത സമയത്ത് പൈപ്പിടാൻ കരാർ നൽകിയവർക്കുതന്നെയാണ് വെസ്റ്റ്ഹിലിലും പൈപ്പിടാൻ അനുമതി.
''തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതിക തടസങ്ങൾ കൊണ്ട് മാത്രമാണ് പദ്ധതി നീണ്ടുപോയത്. ജനങ്ങൾക്ക് ഗുണകരമാവുന്ന രീതിയിൽ പ്ലാന്റ് ഉടൻ നിലവിൽ വരും"" - ബീന ഫിലിപ്പ്, മേയർ, കോഴിക്കോട് കോർപ്പറേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |