തൃശൂർ: ഭിന്നശേഷിക്കാർക്ക് ജീവിതമാർഗമായി രൂപം നൽകിയ 'ഇടം' എന്ന പദ്ധതിക്ക് പിന്നാലെ ഏബിൾ പോയിൻും. ഇന്നലെ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ച എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് എന്ന പദ്ധതിക്കു കീഴിലുള്ള ഏബിൾ പോയിന്റ് സംസ്ഥാനത്ത് തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർക്ക് പ്രതീക്ഷയേകുന്നതാണ്. ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ബന്ധപ്പെട്ടവർക്കും തൊഴിലവസരങ്ങൾ നൽകുന്ന നൂറ് ഖാദി ഔട്ട്‌ലെറ്റുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനുമായി ചേർന്ന് (കെൽപാം) സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 'ഇടം' എന്ന, ഭിന്നശേഷിക്കാർക്ക് പനയുൽപ്പന്ന വിപണന ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിക്ക് പിന്നാലെയാണ് ഏബിൾ പദ്ധതിക്ക് രൂപം നൽകുന്നത്. പനം കൽക്കണ്ടം, കരുപ്പട്ടി, വിവിധ തരം ജ്യൂസുകൾ, നൊങ്ക് സർബത്ത്, ചുക്ക് കാപ്പി എന്നിവയുടെ വില്പനയ്ക്കും അതോടൊപ്പം, ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്കും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ഉല്പന്നങ്ങൾക്കും ഉള്ള വിപണന കേന്ദ്രങ്ങളായാണ് 'ഇടം' പദ്ധതി ആരംഭിച്ച് നടപ്പാക്കി വരുന്നത്.
പ്രയോജനം ലഭിക്കുന്നവർ
ഭിന്നശേഷിക്കാർക്കൊപ്പം, മാനസിക വെല്ലുവിളി നേരിടുന്നവർ, മാനസികരോഗം ഭേദമായവർ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷാകർത്താക്കൾ എന്നിവർക്കു കൂടി തൊഴിൽ ലഭ്യമാക്കൽ എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ ലക്ഷ്യമാണ്. ഖാദി ബോർഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, സ്ത്രീകൾ നയിക്കുന്ന കുടിൽ വ്യവസായങ്ങൾ എന്നിവയ്ക്കായുള്ള സുസ്ഥിര വിപണി ശൃംഖല ഇതുവഴി സൃഷ്ടിക്കപ്പെടും. സർക്കാർ അനുവദിക്കുന്ന ഭൂമിക്ക് നിശ്ചിത നിരക്കിൽ വാടക നൽകണം.
ഔട്ട് ലറ്റുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ
ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, ജില്ലാ ഭരണകൂട കേന്ദ്രങ്ങൾ, ദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ല, താലൂക്ക് ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയാണ് ലഭ്യമാക്കുക. റവന്യൂ, ദേവസ്വം, ടൂറിസം വകുപ്പുകളുടെ കീഴിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയും ഇതിനായി കണ്ടെത്തും. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രമുഖ ആരാധനാലയ പരിസരങ്ങൾ എന്നിവിടങ്ങളും പ്രയോജനപ്പെടുത്തും. വൈദ്യുതജല സ്രോതസുകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന പ്ലഗ് ആൻഡ് പ്ലേ മോഡലുകളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രതീക്ഷിക്കുന്ന വരുമാനം
ഏബിൾ പോയന്റ് ഗുണഭോക്താക്കൾക്ക് പ്രതിമാസം ഒരാൾക്ക് പതിനയ്യായിരത്തിൽ കുറയാത്ത വേതനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ടെത്തും. പരിശീലനത്തിന് സർക്കാർ ഏജൻസികളെയും എൻ.ജി.ഒകളെയും സഹകരിപ്പിക്കും. കസ്റ്റമർ സർവീസ്, വിൽപ്പന തന്ത്രങ്ങൾ, ഉൽപ്പന്ന പരിജ്ഞാനം, ഇൻവെന്ററി മാനേജ്‌മെന്റ് എന്നിവഉറപ്പാക്കും. സ്‌പോൺസർഷിപ്പുകൾ ഏബിൾ പോയന്റ് യൂണിറ്റുകൾ നിർമ്മിക്കും.
കേരളത്തിലെമ്പാടും ഇത്തരം വിവിധതരം വിപണന ഔട്ട്‌ലെറ്റുകൾ ആരംഭിച്ച് സാധ്യമായത്ര ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗം ഒരുക്കിക്കൊടുക്കുകയാണ് ലക്ഷ്യം. ഇതിനാണ് ഇടം പദ്ധതിയും ഇപ്പോൾ എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയും ആരംഭിക്കുന്നത്.
-മന്ത്രി ഡോ. ആർ.ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |