തൃശൂർ: വിടപറയാനൊരുങ്ങുമ്പോഴും തിരക്കൊഴിയാതെ തൃശൂരിന്റെ തലയെടുപ്പായ മൃഗശാല. മദ്ധ്യവേനലവധിയായതോടെ രാവിലെ മുതൽ വൈകിട്ട് വരെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച്ച മുതൽ മൃഗശാല തുറക്കുമ്പോൾ തന്നെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് ഇനിയും വർദ്ധിച്ചേക്കും. എതാനും വർഷങ്ങളായി തൃശൂരിലെ മൃഗശാല പുത്തുരിലെ സൂവോളജിക്കൽ പാർക്കിലേക്ക് പറിച്ചു നടുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. സർക്കാർ ഇപ്പോൾ പറഞ്ഞിട്ടുള്ള വാഗ്ദാനം പാലിക്കപ്പെട്ടാൽ അടുത്ത ആഗസ്റ്റോടെ തൃശൂർ മൃഗശാല ഓർമയാകും. സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാധികളെ മാറ്റുമെന്ന് പറഞ്ഞതോടെ ഉള്ള സൗകര്യങ്ങളിൽ ഒതുങ്ങിക്കഴിയുകയാണ്.
ഗർജനത്തിന് മുഴക്കമേറെ
കാട്ടിലെ രാജാവിന് പ്രായമേറെയായെങ്കിലും മൃഗശാലയിലെത്തുന്നവർക്ക് മുന്നിൽ ഗർജനത്തിന് മുഴക്കമേറെയാണ്. കടുവകളുടെയും പുള്ളിപ്പുലിയുടെയും മുരൾച്ചയും ഹിപ്പോപൊട്ടാമസും ഒട്ടകവും പുള്ളിമാനും വിവിധതരം പക്ഷികളുമെല്ലാം സന്ദർശകർക്ക് കൗതുകമാണ്. സുവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ആർട്ട് മ്യൂസിയം, 3 ഡി തിയേറ്റർ എന്നിവയും ഉൾപ്പെടുന്നു. മരക്കൊമ്പുകൊണ്ടുള്ള കൊത്തുപണികൾ, ലോഹ ശിൽപങ്ങൾ, കഥകളി പ്രതിമകൾ, പുരാതന ആഭരണങ്ങൾ, പരമ്പരാഗത കേരള വിളക്കുകൾ എന്നിവയുടെ മനോഹരമായ ശേഖരം ഉൾക്കൊള്ളുന്ന ആർട്ട് മ്യൂസിയം പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
കൗതുകം നിറച്ച് റിയ
മൃഗശാലയിലെ പക്ഷി ഇനങ്ങളിൽ എണ്ണം കൊണ്ടും കാഴ്ച്ച കൊണ്ടും കൗതുകം നിറയ്ക്കുകയാണ് ദക്ഷിണ അമേരിക്കൻ ഒട്ടകപക്ഷിയെന്ന് അറിയപ്പെടുന്ന റിയ. ദക്ഷിണ അമേരിക്കയിലെ പുൽക്കാടുകളിൽ കണ്ടുവരുന്ന റിയ കുഞ്ഞുങ്ങളടക്കം ഇരുപതെണ്ണത്തോളം ഉണ്ട്. 27 മുട്ടകൾ വിരിയിക്കാനുണ്ട്. മുട്ടയിടുന്നത് പെൺപക്ഷികളാണെങ്കിൽ അടയിരിക്കുന്നത് ആൺപക്ഷികളാണെന്നതാണ് പ്രത്യേകത.
കുട്ടികളുടെ പാർക്കിൽ തിരക്കേറി
സ്‌കൂൾ അടച്ചതോടെ മൃഗശാലയിലേക്ക് എത്തുന്ന കുട്ടികൾക്കുള്ള പാർക്കിൽ തിരക്കേറി. റൈഡറുകളും ഊഞ്ഞാലുകളും ഉൾപ്പടെ വിവിധ കളിയുപകരണങ്ങൾ ഏറെ ഉണ്ട്.
കഴിഞ്ഞ വർഷം എപ്രിൽ, മേയ് മാസത്തിൽ മൃഗശാല സന്ദർശിച്ചവർ - 1,10,608
നിരക്ക്
മൃഗശാല മുതിർന്നവർ - 20 കുട്ടികൾ - 10
മ്യുസീയം മുതിർന്നവർ - 10, കുട്ടികൾ - 5
ത്രീ ഡി മുതിർന്നവർ - 60, കുട്ടികൾ - 3
ഞായറാഴ്ച്ചകളിൽ 15 വയസ് വരെ സൗജന്യം
അവധിക്കാലമായതോടെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിങ്കളാഴ്ച്ചകൾ അവധിയാണ്. അവധിക്കാലത്ത് മാസം മൂന്നു ലക്ഷം രൂപ വരെ ടിക്കറ്റിനത്തിൽ ലഭിക്കാറുണ്ട്.
-ടി.വി.അനിൽ കുമാർ,
മൃഗശാല സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |