തൃശൂർ: 'ലഹരിയെ ചെറുക്കാം, മൈതാനങ്ങളിലേക്ക് മടങ്ങാം' എന്ന സന്ദേശം പകർന്ന് ബാറ്റും ബാളും എടുത്ത് കളക്ടർ അർജുൻ പാണ്ഡ്യനും തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും ക്രിക്കറ്റ് മൈതാനത്ത്. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലാണ് ഓൾറൗണ്ട് പ്രകടനവുമായി കളക്ടർ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നത്.
ഓപ്പണിംഗ് ബാറ്ററായി ഇറങ്ങി കമ്മിഷണർ ആർ.ഇളങ്കോ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വച്ചപ്പോൾ ബൗളറായി തിളങ്ങി ഡി.ഐ.ജി വിക്കറ്റും കരസ്ഥമാക്കി. ഓഫീസേഴ്‌സ് ഇലവനായായിരുന്നു മൂവരുടെയും മിന്നും പ്രകടനം. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ കളക്ടർ ആദ്യമത്സരത്തിൽ കളിയിലെ കേമനുമായി. കളക്ടർ ക്യാപ്ടനായ ഓഫീസേഴ്‌സ് ഇലവനായി സബ് കളക്ടർ അഖിൽ വി. മേനോനും എ.എസ്.പി: ഹാർദിക് മീണയും കളിക്കാനിറങ്ങി.
അരണാട്ടുകര ലൂങ്‌സ് അക്കാഡമിയിൽ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ.രാജൻ ബാറ്റ് ചെയ്ത് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി.മേനോൻ, ഡി.ഐ.ജി: എസ്.ഹരിശങ്കർ, എ.എസ്.പി: ഹാർദിക് മീണ, കോർപറേഷൻ കൗൺസിലർമാരായ കെ.രാമനാഥൻ, അഡ്വ.അനീസ്, ശ്രീലാൽ ശ്രീധർ, പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, സ്‌പോർട്‌സ് കൺവീനർ ബി.സതീഷ് എന്നിവർ പങ്കെടുത്തു. മേയർ എം.കെ.വർഗീസ്, കെ.എം.പി ബിൽഡേഴ്‌സ് എം.ഡി കെ.എം.പരമേശ്വരൻ, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി.റോയി എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
എക്‌സൈസ് ഇലവന് വിജയം
ടൂർണമെന്റിൽ എക്‌സൈസ് ഇലവൻ ജേതാക്കൾ. ഫൈനലിൽ ബാറ്റിംഗിനിറങ്ങിയ ഓഫീസേഴ്‌സ് ഇലവൻ ഉയർത്തിയ 105 റൺസിനെ ഏഴ് പന്തുകൾ ശേഷിക്കെ എക്‌സൈസ് ഇലവൻ മറികടന്നു. പി.വി.വിശാലിന്റെ ഓൾറൗണ്ട് മികവിലായിരുന്നു വിജയം. ലീഡേഴ്‌സ് ഇലവനെ പരാജയപ്പെടുത്തിയാണ് എക്‌സൈസ് ഇലവൻ ഫൈനലിലെത്തിയത്. പ്രസ് ക്ലബ് തൃശൂർ ടീമിനെ പരാജയപ്പെടുത്തിയാണ് ഓഫീസേഴ്‌സ് ഇലവൻ ഫൈനലിലെത്തിയത്. വിശാലാണ് ടൂർണമെന്റിലെ താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |