തൃശൂർ: പൂരങ്ങളുടെ പൂരത്തിന് നാളെ കൊടിയേറ്റം. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും നാളെ രാവിലെ മുതൽ പൂരക്കൊടികൾ ഉയരും. പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. വിവിധ പരിപാടികൾക്കും നാളെ തുടക്കമാകും. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.
പാറമേക്കാവ്
രാവിലെ മുതൽ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. ഉച്ചയ്ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12.30നാണ് കൊടിയേറ്റം. പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരം ഒരുക്കും. വലിയപാണിക്കശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയർത്തും. തുടർന്ന് അഞ്ച് ആനകളോടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിഉയർത്തൽ, ചന്ദ്രപുഷ്‌ക്കരണിയിൽ ആറാട്ട്, വെടിക്കെട്ട്. കൊടിയേറ്റ ദിവസത്തെ ചടങ്ങുകൾ.
തിരുവമ്പാടി
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റ്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും . തുടർന്ന് കൊടിമരത്തിൽ ചാർത്തി ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിദ്ധ്യം സൂചിപ്പിക്കുന്ന നീലനിറച്ചിലും മഞ്ഞനിറത്തിലുമുള്ള പതാകകളാണ് ഉയർത്തുക. മൂന്നിനാണ് ഭഗവതിയുടെ പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. തുടർന്ന് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കിപൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങും.
കണിമംഗലം ശാസ്താവ്
രാവിലെ ക്ഷേത്ര ശുദ്ധി, പഞ്ചഗവ്യം, ശ്രീഭൂതബലി, വൈകിട്ട് 6.30 ന് കൊടിയേറ്റം, തുടർന്ന് പൂരം പുറപ്പാട്
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി
വൈകിട്ട് ദീപാരാധന, തുടർന്ന് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം. ശേഷം ഭഗവതിക്ക് ആറാട്ട്.
അയ്യന്തോൾ കാർത്യായനി ക്ഷേത്രം
രാവിലെ ദ്രവ്യകലശം, നവകം, ഇരിങ്ങാലക്കുട നീരജിന്റെ നേതൃത്വത്തിൽ ഒമ്പതിന് മേളം തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. രാവിലെ 11നും 11.30 നും ഇടയിൽ തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം.
ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് 4.30നും 5.30നും മദ്ധ്യേ നാട്ടുകാരാണ് കൊടിയേറ്റം നിർവഹിക്കുക. തുടർന്ന് ശീവേലി, ക്ഷേത്രകുളത്തിൽ ആറാട്ട്. ആറാട്ടിന് ശേഷം പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിൽ മേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്.
ലാലൂർ കാർത്യായനി ക്ഷേത്രം
രാവിലെ 4.30ന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറക്കൽ, ആറിന് ഗണപതി ഹോമം, തുടർന്ന് രാവിലെ എട്ടിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി പ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം, ആറാട്ട്, നവകം.
ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം
ദീപാരാധന കഴിഞ്ഞ്, ആറാട്ടിന് ശേഷം കൊടിയേറ്റം. വൈകിട്ട് 7.30ന് നാട്ടുകാരാണ് കൊടിയേറ്റം നിർവഹിക്കുന്നത്.
പനമുക്കുമ്പിള്ളി ശാസ്താ ക്ഷേത്രം
താന്ത്രിക ചടങ്ങുകൾക്കും ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് 6.30 നും 7നും ഇടയിൽ നാട്ടുകാരാണ് കൊടിയേറ്റം നിർവഹിക്കുക.
നെയ്തലാക്കാവ് ക്ഷേത്രം
തന്ത്രിയുടെ നേതൃത്വത്തിൽ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ഏഴിന് നാട്ടുകാരാണ് കൊടിയേറ്റം നിർവഹിക്കുക. തുടർന്ന് മേളത്തോടെ ക്ഷേത്രക്കുളത്തിൽ ആറാട്ടിനായി പുറപ്പെടും. പൂരത്തലേന്ന് ഉച്ചയോടെ വടക്കുംനാഥനിലെത്തി തെക്കോഗോപുര നട തുറന്ന് ശ്രീമൂല സ്ഥാനത്തെത്തി പൂരവിളംബരം നടത്തുന്നത് നെയ്തലക്കാവിലമ്മയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |