തൃശൂർ: ജില്ലാ കളക്ടർ വാക്ക് പാലിച്ചു. പക്ഷി ശല്യം ഉണ്ടാക്കിയിരുന്നതും അപകടനിലയിൽ കളക്ടറേറ്റ് പരിസരത്ത് നിന്നിരുന്നതുമായ മരച്ചില്ലകൾ വെട്ടിമാറ്റി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പലവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലേക്ക് വരുന്ന ജനങ്ങൾക്കുള്ള പ്രധാന പ്രവേശന മാർഗമാണ് കളക്ടറേറ്റിന്റെ തെക്കുവശത്തെ ഗേറ്റ്.
ദേശാടന പക്ഷികളുടെ സീസൺ കാലത്ത് ആയിരക്കണക്കിന് പക്ഷികൾ കളക്ടറേറ്റിനും പാർക്കിനും സമീപത്തെ മരച്ചില്ലകളിൽ കൂടുകൂട്ടും. കളക്ടറേറ്റിലേക്ക് നടന്നും ഇരുചക്ര വാഹനങ്ങളിലും എത്തുന്നവരുടെ ദേഹത്ത് മുഴുവൻ അവയുടെ കാഷ്ടം വീഴും. പക്ഷികളുടെ ചത്തു ചീഞ്ഞ ജഢങ്ങളും വഴിയിൽ നിറയും. മഴ തുടങ്ങിയാൽ പരിസരം മുഴുവൻ ദുർഗന്ധം പരക്കുകയും ചെയ്യും. സീസൺ കാലത്ത് അനേകം പക്ഷികൾ മരത്തിൽ കൂട് കൂട്ടുന്നതിനാൽ ആ സമയത്ത് മരച്ചില്ലകൾ മുറിക്കുന്നത് പക്ഷികൾക്ക് ദ്രോഹം ചെയ്യും. എന്നാൽ, വേനൽക്കാലമാകുമ്പോൾ മരച്ചില്ലകളിൽ നിന്നും ദേശാടനപക്ഷികൾ പറന്നു പോകും. തന്നെയുമല്ല കളക്ടറേറ്റ് ഗേറ്റിനു സമീപത്തെ മരത്തിന്റെ ചില്ലകൾ ഉണങ്ങി ഏത് സമയവും പൊട്ടിവീഴാവുന്ന സ്ഥിതിയിലും ആയിരുന്നു. അതിനാൽ കളക്ടറേറ്റ് ഗേറ്റിനു സമീപത്തെ പാഴ്മരങ്ങളുടെ ഏതാനം ചില്ലകൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.
ജില്ലാ ആസ്ഥാനത്തു എത്തുന്ന സാധാരണ ജനങ്ങളുടെ ദുരിതം മാറ്റുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലണ് നടപടി.
കളക്ടറേറ്റ് പരിസരത്തെ മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റിയ നിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |