തൃശൂർ: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തോടെ തുടക്കമാകും. 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനിയിൽ എന്റെ കേരളം പ്രദർശന വിപണന മേള, 19 ന് ലുലു കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സാംസ്‌കാരിക സംഗമം എന്നിവ നടക്കുമെന്ന് മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ പത്തരയ്ക്ക് കാസിനോ ഹോട്ടലിൽ വിവിധ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട 500ഓളം പേർ പങ്കെടുക്കുന്ന അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ജനസമക്ഷമെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു. കളക്ടർ അർജുൻ പാണ്ഡ്യൻ പങ്കെടുത്തു. പ്രദർശന മേളയുടെ ഉദ്ഘാടനം മന്ത്രി കെ.രാജനും സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദുവും നിർവഹിക്കും.
വിപണന മേള 18 മുതൽ
എന്റെ കേരളം പ്രദർശന വിപണന മേള വിദ്യാർത്ഥി കോർണറിൽ 18 മുതൽ 24 വരെ നടത്തും. വിവിധ തീം-കൊമേഴ്‌സ്യൽ സ്റ്റാളുകളും ഉൾപ്പെടെ 189 സ്റ്റാളുണ്ടാകും. ഭക്ഷ്യകാർഷിക മേള, കലാസാംസ്‌കാരിക പരിപാടികൾ, സെമിനാർ, സിനിമാപ്രദർശനം എന്നിവ മേളയുടെ ഭാഗമാകും. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. 18ന് വൈകിട്ട് നാലിന് സി.എം.എസ് സ്‌കൂൾ മുതൽ പ്രദർശന നഗരിയിലേക്ക് പതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കും.
കലാപരിപാടികൾ
മേളയിൽ 18 മുതൽ എല്ലാ ദിവസവും രാത്രി കലാസാംസ്‌കാരിക പരിപാടികൾ നടക്കും. 18ന് രാത്രി ഏഴിന് കേരളം നൃത്ത ശിൽപ്പം, എട്ടിന് അമൃത സുരേഷും അഭിരാമി സുരേഷും നയിക്കുന്ന അമൃതംഗമയ ബാൻഡ്. 19ന് രാത്രി എട്ടിന് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന ജയചന്ദ്രൻ അനുസ്മരണ സംഗീത നിശ, 21ന് വൈകിട്ട് നാലിന് ഭിന്നശേഷി കുട്ടികളുടെ റിഥം ബാൻഡ്, തുടർന്ന് ഫ്യൂഷൻ, 8.30ന് സ്‌കൂൾ ഒഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം. 22ന് ട്രാൻസ്‌ജെൻഡർ കലാകാരന്മാരുടെ നൃത്തം, സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത നാടകം, 23ന് ഫ്യൂഷൻ, 24ന് സമാപനം. രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന ഖയാലും ഗസലും സിനിമ സംഗീതവുമായി മേളനം എന്നിവ അരങ്ങേറും.
സെമിനാറുകൾ
എന്റെ കേരളവുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകൾ സംഘടിപ്പിക്കും. ഉത്തരവാദിത്വ രക്ഷാകർതൃത്വം, വയോജന ക്ഷേമം, ഭരണഘടന സാക്ഷരത, സമുദ്ര മലീനികരണവും കാലവസ്ഥാ വ്യതിയാനവും സുസ്ഥിര വികസന ലക്ഷ്യങ്ങൾ തുടങ്ങി വിവിധ സെമിനാറുകളിൽ ബന്ധപ്പെട്ടവർ പങ്കെടുക്കും. 23ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |