ചാലക്കുടി: ആകാശപ്രൗഢിയുടെ മേലങ്കിയിൽ അത്ഭുതം പടർത്തുന്ന പറമ്പിക്കുളത്തെ തേക്ക് മുത്തശിയെ കാണാൻ വൻതിരക്ക്. പറമ്പിക്കുളത്തെത്തുന്ന വിനോദസഞ്ചാരികൾ ആസ്വദിക്കുന്നത് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഈ കന്നിമാര തേക്കിനെ. മരം നിൽക്കുന്ന തറയിൽ ഇരുന്നും, മനുഷ്യച്ചങ്ങല തീർത്തും ഇതിന്റെ അളവെടുത്തുമുള്ള ആളുകളുടെ വിനോദത്തിന് ഇന്നും കുറവില്ല. 39.93 മീറ്റർ ഉയരവും 7.1 മീറ്റർ വണ്ണവുമുള്ള കന്നിമാരത്തേക്കിനെ 1995ൽ കേന്ദ്ര സർക്കാർ മഹാവൃക്ഷ പുരസ്‌കാരം നൽകി ആദരിച്ചു. 465 വർഷം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ എന്നാൽ 600-650നും ഇടയിൽ പ്രായമുണ്ടെന്ന് പ്രദേശവാസികൾ.
വെട്ടാതെ വിട്ട ബ്രിട്ടീഷുകാർ
പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിലകൊള്ളുന്ന ഇതിനെ പ്രാചീന ഗോത്രവിഭാഗങ്ങൾ ആരാധിച്ചിരുന്നെന്നും പറയുന്നു. കൊച്ചി രാജാക്കന്മാരുടെ ഭരണകാലത്ത് പ്രധാന വരുമാന സ്രോതസായിരുന്നു പറമ്പിക്കുളം വനമേഖല. സമ്പത്തിനായി കുരുമുളകിനെ മാത്രം ആശ്രയിച്ചിരുന്ന ഇംഗ്ലണ്ട് പ്രഭുക്കന്മാർക്ക് കൊച്ചി രാജാവ് ചൂണ്ടിക്കാട്ടിയ വന സമ്പത്ത് നന്നേ ബോധിച്ചു. തുടർന്നാണ് എക്കാലത്തെയും അത്ഭുത പ്രതിഭാസമായിരുന്ന ട്രാംവേ തീവണ്ടിപ്പാതയുടെ നിർമ്മാണവും പ്രവർത്തനവും. ഇതുവഴി പൊന്നിൻ വിലയുള്ള ആയിരക്കണക്കിന് മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് ചരിത്രം. ആകാരഭംഗിയിൽ ആകൃഷ്ടരായാണ് അക്കാലത്ത് ബ്രിട്ടീഷുകാർ കന്നിമാര തേക്കിന്റെ കടയ്ക്കൽ കോടാലി വയ്ക്കാതിരുന്നതത്രേ.
തേക്കിന് വളക്കൂറുള്ള മണ്ണ്
പറമ്പിക്കുളം പ്രദേശത്തെ മണ്ണിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം സ്ഥലത്ത് മികച്ച തേക്കുകൾ വളരും. ഇങ്ങനെയാണ് പ്രദേശത്താകെ സ്വാഭാവിക തേക്ക് മരങ്ങൾ സ്ഥാനം പിടിച്ചത്. ഇതിൽ പ്രധാനപ്പെട്ടതാണ് കന്നിമാരത്തേക്ക്.
വണ്ണക്കാരൻ "കപ്പായത്തെ തേക്ക് "
ഉയരത്തിൽ കന്നിമാരത്തേക്കാണ് ഏഷ്യയിൽ ഒന്നാമതെങ്കിൽ, വണ്ണത്തിന്റെ കാര്യത്തിൽ അതല്ല. ഇടമലയാർ റേഞ്ചിലെ കപ്പായത്തുള്ള തേക്ക് മരത്തിന്റെ വണ്ണം 7.5 മീറ്ററാണ്. പ്രായം നൂറ് വർഷത്തിൽ കൂടുതലും. വർഷങ്ങൾക്ക് മുമ്പ് കപ്പായത്തെ തേക്ക് മുറിക്കാൻ വനംകൊള്ളക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാധാരണ തേക്കുകളുടെ വളർച്ച 60 വർഷമാണെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണക്ക്. നൂറ് വയസ് പിന്നിടുന്നവയെ അസാധാരണ മരങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തും. എന്നാൽ രണ്ട് പതിറ്റാണ്ടായി പറമ്പിക്കുളത്തെയും കപ്പായത്തെയും തേക്ക് മുത്തശികൾ വളർച്ച രേഖപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |