തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ മുന്നേറ്റമായി ഇന്നലെ ജില്ലയിൽ നടന്ന പിണറായി സർക്കാരിന്റെ വാർഷികാഘോഷ പൊതുസമ്മേളനം. മുഖ്യമന്ത്രിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഒപ്പം സംസ്ഥാന പ്രതിപക്ഷത്തേയും കേന്ദ്ര സർക്കാരിനെയും നിശിതമായി വിമർശിച്ചു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി ഭരണം നേടുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണ് സർക്കാരിന്റെ വാർഷികാഘോഷം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ശക്തമായ ആധിപത്യം സ്ഥാപിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും 13ൽ 12 സീറ്റും പിടിച്ചെടുത്തു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ ഒരിടത്തും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. സർക്കാരിനെതിരെ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം, കരുവന്നൂർ വിഷയം ഉൾപ്പെടെ മറികടക്കാനുള്ള തന്ത്രങ്ങൾ നടപ്പിലാക്കാനുള്ള നീക്കങ്ങളായിരിക്കും വരും ദിവസങ്ങളിൽ.
തദ്ദേശത്തിൽ ആധിപത്യം
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനായിരുന്നു മേധാവിത്വം. കോർപറേഷനിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ.വർഗീസിനെ മേയറാക്കി സി.പി.എം അഞ്ചു വർഷം പൂർത്തീകരിക്കുകയാണ്. മുനിസിപ്പാലിറ്റികളിൽ ഇരിങ്ങാലക്കുട, ചാലക്കുടി മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ബാക്കിയുള്ളവ എൽ.ഡി.എഫ് ഭരണത്തിലാണ്. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നെണ്ണമൊഴിച്ച് എല്ലാം എൽ.ഡി.എഫിന്റെ കൈവശമാണ്. പഞ്ചായത്തുകളിൽ 16 യു.ഡി.എഫിനും ഒരിടത്ത് ബി.ജെ.പിയുമാണ്. ജില്ലാ പഞ്ചായത്തിൽ 29 ഡിവിഷനുകളിൽ അഞ്ച് പേരാണ് യു.ഡി.എഫിനുള്ളത്. ജില്ലയിൽ എൽ.ഡി.എഫിലെ പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐ എന്നിവ പുതിയ നേതൃത്വത്തിന് കിഴീലായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |