തൃശൂർ: കേരളം സ്റ്റാർട്ടപ്പുകളുടെ പറുദീസയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് തൃശൂരിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ആവാസവ്യവസ്ഥ സംസ്ഥാനത്തുണ്ട്. 3000ൽ നിന്ന് 6300 സ്റ്റാർട്ടപ്പുകളായി. 5800 കോടിയുടെ നിക്ഷേപവും 6000 തൊഴിലും ഇതുവഴി ആർജിക്കാനായി. 2026ൽ 15000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷത്തോളം തൊഴിലും സർക്കാർ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു. 2016ൽ 640 ഐ.ടി കമ്പനികൾ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ 1106 കമ്പനികളുണ്ട്. 78068 തൊഴിലാളികളായിരുന്നത് ഒരു ലക്ഷത്തിലേറെയായി. ഐ.ടി കയറ്റുമതിയും 34123 കോടിയിൽ നിന്ന് 90000 കോടിയിലേറെയാണ്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്കുകൾ, ഗ്രഫീൻ ഇന്നവേഷൻ ഇൻസ്റ്റിറ്റിയൂഷൻസ്, വാട്ടർ മെട്രോ, വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയ രാജ്യത്തെ അഭിമാനകരമായ സ്ഥാപനങ്ങളെല്ലാം കേരളമാണ് ആദ്യം ആരംഭിച്ചത്. അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സർക്കാർ ഇടപെട്ടതോടെ വ്യവസായ നിക്ഷേപ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ ഒന്നര ലക്ഷം കോടി നിക്ഷേപത്തിനാണ് ഒപ്പിട്ടത്. ദാരിദ്ര്യം, വിലക്കയറ്റം എന്നിവ കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോകത്തിന് മുന്നിൽ
കേരള മോഡൽ: മന്ത്രി കെ. രാജൻ.
തൃശൂർ: വിഴിഞ്ഞം തുറമുഖം അടക്കമുള്ള വികസന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മുന്നിൽ സമാനതകളില്ലാത്ത കേരള മോഡൽ അവതരിപ്പിക്കാൻ ഇടതുസർക്കാരിന് സാധിച്ചതായി മന്ത്രി കെ. രാജൻ. വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജില്ലാതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതാവിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വി.കെ.എം പദ്ധതിയിൽ നിന്ന് 15 ലക്ഷം രൂപ സഹായം ലഭിച്ച ആർദ്ര താൻ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം ചടങ്ങിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, എൻ.കെ. അക്ബർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സി.സി. മുകുന്ദൻ, ഇ.ടി. ടൈസൺ, കെ.കെ. രാമചന്ദ്രൻ, വി.ആർ. സുനിൽകുമാർ, യു.ആർ. പ്രദീപ്, വി.എസ്. പ്രിൻസ്, കെ. വാസുകി,കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ എന്നിവർ വേദിയിൽ സന്നിഹിതരായി.
നാടിന്റെ വികസനം മുഖ്യം
നാടിന്റെ മുന്നേറ്റവും വികസനങ്ങളും കൂടുതൽ ശ്രദ്ധകൊടുക്കേണ്ട വിഷയങ്ങളും വിവിധ മേഖലകളിലെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. വി.കെ. ശ്രീരാമൻ, നീലകണ്ഠമൂസ്, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ, ടി.എസ്. കല്യാണരാമൻ, സിറിൽ മാർ ബസേലിയോസ് തിരുമേനി, ജോസ് മഞ്ഞളി, തങ്കം ടീച്ചർ, ഡാവിഞ്ചി സുരേഷ്, ഹംസ കൊണ്ടാപ്പുള്ളി, മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാരോൺ വീട്ടിൽ, പ്രൊഫ. സി. കർമ്മ ചന്ദ്രൻ, അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രസാദ് കാക്കശ്ശേരി, ഡോ. സി.എൽ. ജോഷി, കലാനിലയം രാഘവനാശാൻ, നാടകചലച്ചിത്ര പ്രവർത്തക സിജി പ്രദീപ്, അനീഷ അഷ്‌റഫ്, പോത്തുംപാറ ഉന്നതിയിലെ ഊരുമൂപ്പൻ ചന്ദ്രൻ, ആർ.എൽ.വി രാമകൃഷ്ണൻ, ഭവദാസ് (കെ.പി നമ്പൂതിരീസ്), ഒളകര ആദിവാസി ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി, ചേംബർ ഒഫ് കൊമേഴ്‌സ് സെക്രട്ടറി സോളി തോമസ്, ടി.ഡി. രാമകൃഷ്ണൻ, ബഥനി എഡ്യുക്കേഷൻ മാനേജർ ഫാ. ബഞ്ചമിൻ, ഇസാഫ് എം.ഡി. പോൾ തോമസ്, എം. ഹരിനാരായണൻ, സൂര്യപ്രിയ, പ്രൊഫ. ബേബി,അഡ്വ. ടി.എ നജീബ്, ജോസഫ് മാത്യു, വി. മുരളി എന്നിവർ മുഖ്യമന്ത്രിയോട് സംവദിച്ചു.
ഒളകര ഉന്നതിയെ റവന്യൂ ഗ്രാമത്തിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി
ഒളകര ഉന്നതിയെ റവന്യൂ ഗ്രാമത്തിലുൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ ഒളകര ഉന്നതിയിലെ മൂപ്പത്തി മാധവിക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഒളകര ഉൾപ്പെടെ ആകെ അറുന്നൂറോളം റവന്യൂ ഗ്രാമങ്ങളിൽ സർക്കാർ നടപടി പൂർത്തീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ഒളകര ഉന്നതി വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയാണ്. ഒളകര ഉന്നതിയിലെ ഭൂമിയിൽ കാട്ടുമരങ്ങൾ നിറഞ്ഞതിനാൽ കൃഷിക്ക് അനുയോജ്യമല്ലെന്നും കൃഷി നടത്താൻ പാകത്തിന് മരം മുറിച്ച് മാറ്റി തരണമെന്നും ഒപ്പം വെള്ളവും വെളിച്ചവും എത്തിക്കണമെന്നും ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി വിധി കൂടി പരിഗണിച്ചു വേണം മരം മുറിക്കലിന്റെ നടപടികൾ സ്വീകരിക്കാനെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഒളകര ഉന്നതിയിൽ 44 കുടുംബങ്ങളാണ് ഉള്ളത്. അവർക്ക് ഒന്നര ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. 50 വർഷത്തോളമായി സ്വന്തമായി ഭൂമി എന്ന ആവശ്യമുന്നയിക്കുന്ന ഒളകര ഉന്നതിയിലെ നിവാസികൾക്ക് ഈ വർഷമാണ് സർക്കാർ വനാവകാശ രേഖ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |