ചാലക്കുടി: കൂടപ്പുഴ പ്രദേശത്ത് തെരുവുനായ ആക്രമണത്തിൽ 14 പേർക്ക് കടിയേറ്റു. മൂന്നുപേരെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. ഇതിന് പേവിഷ ബാധയുണ്ടെന്നാണ് നിഗമനം. ഇന്നലെ ഉച്ച മുതലാണ് നായ റോഡിലൂടെ പാഞ്ഞെത്തി ആളുകളെ ആക്രമിച്ചത്.
മാർക്കറ്റ് ജനതാ റോഡ് റേഷൻകടയുടെ സമീപത്തായിരുന്നു ആദ്യം ആളുകളെ കടിച്ചത്. പിന്നീട് ജനതാ റോഡ്, കൂടപ്പുഴ ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും കാൽനട യാത്രികരെ ആക്രമിച്ചു. വെള്ളാനിക്കാരൻ ഹാൾ പരിസരത്ത് ഒരു സ്ത്രീയെ മാരകമായി ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഇവരുടെ മകൻ, നായയുടെ മുഖത്ത് ബലമായി തള്ളി അമ്മയുടെ കൈ മോചിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തവരെയും തനിച്ച് റോഡിലൂടെ നടന്നവരെയുമാണ് പ്രധാനമായും നായ കടിച്ചത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി.
വൈകിട്ട് അഞ്ചോടെ മാർക്കറ്റിൽ നിന്നും കൂടപ്പുഴയിലേയ്ക്കുള്ള ആളുകളുടെ യാത്ര ഒഴിവാക്കി. മാർക്കറ്റിൽ നിന്ന് ചുമട്ടുതൊഴിലാളികളും നായയെ പിടികൂടാൻ രംഗത്തെത്തി. ആറോടെ ആൾത്താമസമില്ലാത്ത വീടിനകത്ത് ചത്തനിലയിൽ നായയെ കണ്ടെത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ നാലാമത്തെ നായയാണ് ആളുകളുടെ ആക്രമിച്ച ശേഷം ചത്തത്. ഇതിൽ മൂന്നെണ്ണത്തിനും പിന്നീട് പേ വിഷബാധ സ്ഥിരീകരിച്ചു. ജനതാ റോഡ് പരിസരത്ത് ഇത് രണ്ടാമത്തെ തവണയാണ് തെരുവുനായ ആക്രമണം.
ഇന്ന് എൽ.ഡി.എഫ് മാർച്ച്
ചാലക്കുടി: തെരുവുനായകൾ നിരന്തരം ജനങ്ങളെ കടിച്ചു കീറിയിട്ടും ശാശ്വത പരിഹാരം കാണാത്ത ഭരണസമിതിയുടെ അലംഭാവത്തിനെതിരെ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മറ്റി ഇന്ന് നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തും. മൂന്നാഴ്ചയായി തെരുവുനായകളുടെ ആക്രമണം തുടങ്ങിയിട്ട്. മുപ്പതോളം പേർക്ക് ഇതിനകം കടിയേറ്റു. ചത്ത നായകളിൽ മൂന്നെണ്ണത്തിനും പേ വിഷബാധയും കണ്ടെത്തി. എന്നിട്ടും അനങ്ങാപ്പാറ നയമാണ് ഭരണ സമിതി തുടരുന്നത്. എൽ.ഡി.എഫ് കൺവീനർ ടി.പി.ജോണി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |