തൃശൂർ: സംഭരിച്ച നെല്ലിന് പി.ആർ.എസ് ലഭിക്കാതെ നെൽകർഷകർ. കാലം തെറ്റിയുളള മഴയും സ്വകാര്യ മില്ലുടമകളുടെ ചൂഷണവും ഇരുട്ടടിയായതിനു പിന്നാലെയാണ് പുതിയ പ്രതിസന്ധി. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ കർഷകർക്ക് നൽകുന്ന പി.ആർ.എസ് (പാഡി രസീത് ഷീറ്റ്) കിട്ടാത്തതിനാൽ നെല്ലിന്റെ വില എപ്പോൾ കിട്ടുമെന്നു അറിയാതെ നട്ടം തിരിയുകയാണ് കർഷകർ. മാർച്ച് 17 ന് ആണ് കൊയ്ത്ത് ആരംഭിച്ചത്. മൂന്നാഴ്ച കൊണ്ട് കൊയ്ത്ത് പൂർത്തിയായി. കൊയ്ത്ത് പൂർത്തിയാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പി.ആർ.എസ് എഴുതാൻ പോലും തയ്യാറായില്ലെന്നാണ് കർഷകരുടെ പരാതി. മുൻകാലങ്ങളിൽ നെല്ല് കയറ്റി പോകുന്നതിന് അനുസരിച്ച് പി.ആർ.എസ് എഴുതുകയാണ് പതിവ്. എന്നാൽ കൃഷിക്കാർ സംഘത്തിലേക്ക് പണം അടക്കാനുണ്ടെന്ന് ആരോപിച്ചാണ് ഈ നടപടിയെന്ന് പറയുന്നു.
വായ്പയെടുത്ത് വലഞ്ഞ് കർഷകർ
സ്വർണം പണയപ്പെടുത്തിയും തൊഴിലുറപ്പ് പദ്ധതി വഴി ജോലി ചെയ്തും വായ്പയെടുത്തുമാണ് കർഷകർ കൃഷിയിറക്കുന്നത്. ദിവസങ്ങളും, മാസങ്ങളും കഴിഞ്ഞിട്ടും നെല്ലിന്റെ പി.ആർ. എസ് എഴുതിയിട്ടില്ലാത്തതിനാൽ ബാങ്കിൽ നിന്ന് പണം കിട്ടാനുള്ള പി.ആർ.എസിന്റെ മുൻഗണനാക്രമം ഇല്ലാതായി. കഴിഞ്ഞ ഡിസംബറിൽ പെയ്ത മഴയിൽ കോൾപ്പാടത്ത് നെല്ലുത്പാദനം കുറഞ്ഞതിന് പിന്നാലെ കൊയ്ത്തിനിടെ പെയ്ത മഴയും കർഷകരെ ദുരിതത്തിലാക്കിയിരുന്നു. നെല്ലിൽ ഈർപ്പമുണ്ടെന്ന് പറഞ്ഞ് കമ്പനികളും കർഷകരെ സമ്മർദ്ദത്തിലാക്കി.
കളക്ടർക്ക് പരാതി
കർഷകരുടെ കഷ്ടപ്പാടുകൾ അക്കമിട്ട് നിരത്തി കർഷകർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. മൂന്ന് വർഷമായി സമീപ പ്രദേശത്തുള്ള പടവുകളിൽ കൃഷിയിറക്കുന്ന സമയത്ത് കൃഷിയിറക്കാതെ പുല്ലഴി പടവിൽ വൈകിയാണ് കൃഷിയിറക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്ന് വർഷമായി ഒരു ഏക്കർ കൊയ്ത്തു നടത്തിയാൽ ഭൂരിഭാഗം കൃഷിക്കാർക്കും വെറും 2 നും 5 നും ചാക്ക് നെല്ല് മാത്രമാണ് വിളവ് ലഭിക്കുന്നതെന്നും കർഷകർ പറയുന്നു. ജോ.രജിസ്ട്രാർക്കും അസി. ജോ. രജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്.
പുല്ലഴി കോൾപ്പടവിന്റെ വിസ്തൃതി: 900 ഏക്കർ
കൃഷിയിറക്കിയത്: 650 ഏക്കർ
ജനപ്രതിനിധികളും ഭരണകൂടവും ഇടപെട്ട് കർഷകരുടെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കാണം.
പുല്ലഴി കോൾപടവ് സഹകരണ സംഘം
ആർ 200 നമ്പർ പടവിലെ കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |