തൃശൂർ: ജില്ലയിൽ സാമ്പത്തിക കുറ്റാന്വേഷണ കേസുകൾ പെരുകുന്നു. പൊലീസ് ബോധവത്കരണങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണവും ശക്തമാക്കിയിട്ടും നൂറുക്കണക്കിന് പേരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഒടുവിൽ പണം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പുവരുന്ന ഘട്ടത്തിലാണ് പൊലീസിനെ സമീപിക്കുന്നത്. അപ്പോഴേക്കും തട്ടിപ്പ് സംഘങ്ങൾ സുരക്ഷിതരാകുന്ന സാചര്യമാണ്. ഇതിനകം നാനൂറിലേറെ കേസുകളാണ് നിലനിൽക്കുന്നത്. പലതിന്റെയും അന്വേഷണം പാതിവഴിയിലാണ്.
ഹീവാൻ, സേഫ് ആൻഡ് സ്‌ട്രോംഗ്, ഇസ്രയേൽ തട്ടിപ്പ്, വിസ തട്ടിപ്പ് തുടങ്ങി നിരവധി ചിട്ടി തട്ടിപ്പുകളും ഇതിൽ ഉൾപ്പെടും. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഉൾപ്പെട്ടതാണ് ഹീവാൻ നിധി തട്ടിപ്പ്. ഹീവാൻ നിധി തട്ടിപ്പിൽ മാത്രം മൂന്നുറിലേറെ പരാതികളാണ്. യൂത്ത് കോൺഗ്രസ് നേതാവ് അനന്തകൃഷ്ണൻ പ്രതിയായ പാതിവില തട്ടിപ്പ് കേസിലും നിരവധി പരാതികളുണ്ട്. ഇസ്രയേലിൽ കുറി നടത്തി മലയാളികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലും അന്വേഷണം നടക്കുകയാണ്.
ആയിരം കോടിയലേറെ രൂപയുടെ തട്ടിപ്പ്
ജില്ലയിൽ നാലു കൊല്ലത്തിനിടയിൽ ആയിരം കോടിയിലേറെ രൂപ വിവിധ തട്ടിപ്പുകളിലായി ജനങ്ങൾക്ക് നഷ്ടമായിട്ടുണ്ട്. പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസുകൾ അന്വേഷിച്ചു വരുന്നത്. പലരും തട്ടിപ്പ് നടത്തി വിദേശങ്ങളിലേക്കും മറ്റും രക്ഷപ്പെടുകയാണ്. ഇവരെ തിരികെ കൊണ്ടുവരുന്നതിന് ഏറെ നൂലാമാലകളാണുള്ളത്. കഴിഞ്ഞ ദിവസം യു.കെയിലേക്ക് സ്‌കിൽഡ് വർക്ക് ജോലിക്കുള്ള വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് 12 കോടി തട്ടിയ കേസിലെ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് തൃശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. പാട്ടുരായ്ക്കലിലെ ബി സ്‌കിൽഡ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തിപ്പുകാരിൽ ഒരാളായ കാസർകോട് രാവണേശ്വരം സ്വദേശി രാകേഷാണ് (39) അറസ്റ്റിലായത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു.
ലൈംഗികാതിക്രമ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഈ വർഷത്തെ ഗുരുതര ലൈംഗികാതിക്രമ കേസുകളിൽ തൃശൂർ സിറ്റി പൊലീസ് മുഴുവൻ കേസുകളിലും അന്വേഷണം പൂർത്തിയാക്കി. സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ മേൽനോട്ടത്തിലാണ് എല്ലാ കേസുകളിലും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയത്. ഇത്തരം കേസുകൾ 60 ദിവസത്തിനുള്ളലാണ് അന്വേഷണം നടത്തി കോടതിയിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. കഴിഞ്ഞ വർഷങ്ങളിൽ 35 മുതൽ 40 ശതമാനം വരെ കേസുകളാണ് അന്വേഷണം പൂർത്തിയാക്കിയതെങ്കിൽ ഈ വർഷം 100 ശതമാനം കേസുകളും അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞു. ജനുവരി മുതൽ മേയ് 18 വരെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതര ലൈംഗികാതിക്രമങ്ങളിൽ കോടതിയിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിച്ച 24 കേസുകളും 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |