തൃശൂർ: സമൂഹത്തിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും വികസനത്തിന്റെ രുചി അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കലാസാംസ്‌കാരിക പ്രമുഖരുമായി തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യത്ത് നിന്നും ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനം എന്ന പദവിയിലേക്കും പ്രഖ്യാപനത്തിലേക്കും കേരളം കടക്കുകയാണ്. നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. പൊതുവിതരണ സംവിധാനം, പൊതുവിദ്യാഭ്യാസ മേഖല, ആരോഗ്യരംഗം എന്നിവ ശക്തിപ്പെടുത്തിയതിലൂടെയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം കലാകാരൻമാരെയും ചേർത്തുനിറുത്തിയാണ് സർക്കാരിന്റ മുന്നേറ്റമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു. സാംസ്‌കാരിക രംഗത്തെ ചലനാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യമായ സാംസ്‌കാരിക പ്രദർശനശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗുരു ഗോപിനാഥ് നാട്യഗ്രാമം അവതരിപ്പിക്കുന്ന സ്വാഗതനൃത്തരൂപത്തോടെയാണ് പരിപാടി തുടങ്ങിയത്.
മന്ത്രിമാരായ കെ.രാജൻ, ഡോ. ആർ.ബിന്ദു, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, കെ.രാധാകൃഷ്ണൻ എം.പി, മേയർ എം.കെ.വർഗീസ്, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരസ്പരം പരിപാടിക്ക് വിവിധ അക്കാഡമികളും സാംസ്‌കാരിക സ്ഥാപനങ്ങളും നേതൃത്വം നൽകി. 14 ജില്ലകളിൽ നിന്നായി 2500 സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവു തെളിയിച്ച 15 പ്രമുഖ വ്യക്തികളെ വേദിയിൽ ആദരിച്ചു.
പറഞ്ഞകാര്യങ്ങളെല്ലാം ഒന്നൊന്നായി പൂർത്തീകരിച്ച് ഒമ്പത് വർഷം തികയ്ക്കുന്ന സർക്കാരിന് സാംസ്‌കാരിക കേരളം നൽകുന്ന ആദരവാണ് പരസ്പരം പരിപാടി.
-സജി ചെറിയാൻ,
സാംസ്‌കാരിക വകുപ്പ് മന്ത്രി
നമ്മുടെ നാടിന്റെ നന്മ കൂടുതൽ വളർത്തിയെടുക്കാനുള്ള ഇടപെടലുകൾ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.
-പിണറായി വിജയൻ,
മുഖ്യമന്ത്രി
കലാകാരന്മാരെ ആദരിച്ച് മുഖ്യമന്ത്രി
തൃശൂർ: സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരസ്പരം വേദിയിൽ 15 കലാകാരൻമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദരം. നാടക അഭിനേത്രി നിലമ്പൂർ ആയിഷ, വിപ്ലവ ഗായിക പി.കെ.മേദിനി, കലാമണ്ഡലം ക്ഷേമാവതി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ, കൊച്ചിൻ ബിനാലെ സ്ഥാപകനും ആധുനിക ഇന്ത്യൻ ചിത്രകലാകാരനുമായ ബോസ് കൃഷ്ണമാചാരി, ചിത്രകാരനും മഹാശിൽപ്പിയുമായ എൻ.എൻ.റിംസൺ, തലശ്ശേരി ജെമിനി സർക്കസിന്റെ അമരക്കാരൻ സർക്കസ് ചന്ദ്രൻ, തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി, മിസ് ട്രാൻസ് ഗ്ലോബൽ 2021 കിരീടം നേടിയ ശ്രുതി സിത്താര, ഓട്ടിസം ബാധിച്ച കുട്ടികൾക്കായി അമ്മ എന്ന സ്ഥാപനം നടത്തി കുട്ടികളെ കൊണ്ട് നാടകം പരിശീലിപ്പിക്കുന്ന ഡോ. ഭാനുമതി, ഭിന്നശേഷിരംഗത്ത് നിന്നും അതിജീവനത്തിലൂടെ കരുത്താർജിച്ച കണ്മണി, ഊരാളി കൂത്ത് കലാകാരി മാലതി ബാലൻ, ചലച്ചിത്ര അഭിനേതാവ് അപ്പാനി ശരത്, കോൽക്കളി കലാകാരൻ ടി.പി.നാണു എന്നിവരെയാണ് പൊന്നാടയും ഫലകവും നൽകി ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |