തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപദേശക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശം മറികടന്ന് കമ്മിറ്റികളിൽ കയറിക്കൂടാൻ ഗൂഢനീക്കം. തുടർച്ചയായി രണ്ട് സമിതികളിൽ ഭാരവാഹികളായവർക്ക് പുതിയ സമിതികളിൽ ഭാരവാഹിത്വം നൽകരുതെന്നാണ് ഉത്തരവ്. എന്നാൽ, നിലവിലെ ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ സമിതികളിൽ കയറിപ്പറ്റാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. വടക്കുംനാഥൻ, തൃപ്പുണിത്തുറ, അഴകിയകാവ്, അശോകേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സമിതി ഭാരവാഹികളായവർ വീണ്ടും അപേക്ഷകൾ നൽകിയിട്ടുണ്ട്.
ഹൈക്കോടതി വിധി കർശനമായി നടപ്പാക്കിയാൽ ഇവർക്കൊന്നും ഭാരവാഹികളാകാൻ സാധിക്കില്ല. ഹൈക്കോടതിയുടേത് പുതിയ ഉത്തരവാണെന്നും അത് കൊണ്ട് തന്നെ പഴയ സമിതികളുടെ നിയമാവലി ബാധകമാകില്ലെന്നുമാണ് ഇവരുടെ വാദം. എന്നാൽ കഴിഞ്ഞ സമിതികളുടെ തുടർച്ചായാണ് ഇതെന്ന നിയമോപേദശം കൊച്ചിൻ ദേവസ്വം ബോർഡിന് ലഭിച്ചിട്ടുണ്ട്. ഇത്തവണ കമ്മിറ്റികളിൽ സമവായമായില്ലെങ്കിൽ നറുക്കെടുപ്പിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. ഇതിൽ നിന്നായിരിക്കും ഭാരവാഹികൾ വരിക.
അതു കൊണ്ട് തന്നെ അംഗത്വമെടുത്താലും ജനറൽ ബോഡിയിൽ വരാൻ മാത്രമെ സാധിക്കൂവെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനിടെ ഗ്രാമപ്രദേശങ്ങളിലെ ചെറിയ ക്ഷേത്രങ്ങളിൽ പുതിയ ഉത്തരവ് പ്രകാരം സമിതികൾ രൂപീകരിക്കുന്നത് ഏറെ ശ്രമകരമാണെന്ന് പറയുന്നു. മുൻകാലങ്ങളിൽ പലപ്പോലും രാഷ്ട്രീയാടിസ്ഥാനത്തിലായി മാറിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലും മറ്റും 300ലേറെ പേരാണ് അപേക്ഷകൾ നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് സമിതികളിലും ഭാരവാഹികളായിരുന്നവർക്ക് പുതിയ സമിതികളിൽ തുടരാനാകില്ല. തിരഞ്ഞെടുപ്പുവേളയിൽ ഇത് പരിശോധിച്ച ശേഷമായിരിക്കും നടപടികളെടുക്കുക.
-ഉദയകുമാർ,കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |