തൃശൂർ: കോർപ്പറേഷൻ കെട്ടിടത്തിലെ ഇരുമ്പ് മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് സെക്രട്ടറി കൗൺസിലർമാർക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. മേൽക്കൂര വീണ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടാൻ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ ഉപരോധം. മേയർ എം.കെ. വർഗീസ് ഓഫീസിലെത്താതെ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ് മാറുകയാണെന്ന് കൗൺസിലർമാർ ആരോപിച്ചു. ബലക്ഷയമുള്ള കെട്ടിടങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടും നടപടിയെടുക്കാത്തതിൽ ദുരൂഹതയുണ്ട്. മേൽക്കൂര അപകടത്തിലാണെന്ന് പറഞ്ഞ് വ്യാപാരികൾ പരാതി നൽകിയിട്ടും അറിയില്ലെന്ന് പറയുന്ന മേയറും സെക്രട്ടറിയും ഗൂഢാലോചന നടത്തുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു. ജോൺ ഡാനിയേൽ, സുനിൽരാജ്, സിന്ധു ആന്റോ ചാക്കോള, ലാലി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |