തൃശൂർ: വിദ്യകൊണ്ട് സ്വതന്ത്രരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനുമുള്ള ഗുരുദേവസന്ദേശങ്ങളും ദർശനങ്ങളും ജീവിതത്തിലും കർമ്മപഥങ്ങളിലും സഫലമാക്കിയ ശ്രീനാരായണീയനായിരുന്നു കാട്ടിക്കുളം ഭരതൻ. ഫ്രാൻസിലെ വ്യവസായം കൊണ്ട് ജന്മരാജ്യത്തെ സമ്പന്നമാക്കി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാട്ടിക്കുളം കുമാരന്റേയും കല്യാണിയുടേയും മകനായ ഭരതൻ, താണിശേരി എൽ.പി സ്‌കൂളിലും നാഷണൽ, ബോയ്‌സ് സ്‌കൂളുകളിലുമായി പഠനം പൂർത്തിയാക്കിയ ശേഷം അവിചാരിതമായാണ് ബോംബെയിലും ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയിലും ജോലി തേടിയെത്തുന്നത്. പോണ്ടിച്ചേരിയിലെ സ്റ്റുഡിയോയിൽ ജോലി ചെയ്യുമ്പോഴാണ് ഫ്രാൻസിലേക്ക്, സുഹൃത്തിന്റെ സഹായത്തോടെ വിമാനം കയറുന്നത്. പാരീസിൽ തുണിവ്യാപാര സ്ഥാപനത്തിലാണ് ജോലി കിട്ടിയത്. യാതനകളിലൂടെയായിരുന്നു ആദ്യകാല ജീവിതം.
ക്ഷമയും കഠിനാദ്ധ്വാനവും സമർപ്പണവും കൈമുതലാക്കിയ അദ്ദേഹം പാരീസിന്റെ സൗന്ദര്യമോഹങ്ങൾ തിരിച്ചറിഞ്ഞു. സ്ത്രീകളുടേത് മാത്രമായുള്ള തുണിത്തരങ്ങളുടെ മൊത്തവിതരണക്കാരനായി അദ്ദേഹം ഫ്രാൻസിന്റെ വ്യാപാരമേഖലയിലെത്തി. പാരീസിൽ വ്യവസായ സ്ഥാപനം തുടങ്ങാനുള്ള അവസരവും അനുമതിയും ഇല്ലാതിരുന്നത് പ്രതിബന്ധമായി. പിന്നീട് അന്യദേശക്കാർക്കും വ്യാപാരസ്ഥാപനം തുടങ്ങാനുള്ള അനുവാദം ലഭിച്ചപ്പോൾ ഭരതന് സ്വന്തമായി പിറന്ന വ്യാപാരസംരംഭമായിരുന്നു 'കുമാർ ഡിഫ്യൂഷൻസ്' അച്ഛന്റെ പേരായ കുമാരൻ, ആധുനികമാക്കി 'കുമാർ ഡിഫ്യൂഷൻസ് ' എന്നാക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന ചില പ്രധാന സ്ഥാപനങ്ങളിൽ ഒന്നായി ഈ സ്ഥാപനം മാറി.
എന്നും ഖദർ
ഫ്രാൻസിലെ വസ്ത്രവ്യാപാരരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഭരതന്റെ മനസിൽ ആധുനിക വസ്ത്രഡിസൈനുകൾ രൂപം കൊള്ളുമ്പോഴും നാട്ടിലെത്തിയാൽ അദ്ദേഹം ധരിച്ചിരുന്നത് ഖദറായിരുന്നു. ജീവിതത്തിന്റെ ലാളിത്യം മുറുകെ പിടിച്ച് ഖദർ ധരിച്ച്, യഥാർത്ഥ ശ്രീനാരായണീയനായി നിലകൊണ്ടു. വിവാഹശേഷം ഭാര്യ സുധയുമായി വീണ്ടും ഫ്രാൻസിലെത്തിയ അദ്ദേഹം, പലപ്പോഴും നാട്ടിലേക്ക് ഓടിയെത്തും. അപ്പോഴെല്ലാം ശ്രീനാരായണീയരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി ഓടി നടക്കും.
ഭരണാധികാരികളുടേയും തോഴൻ
മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരൻ, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖരുമായുള്ള ഹൃദയബന്ധവും സൗഹൃദവും സൂക്ഷിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ വളർച്ചയിലും നിർണ്ണായക പങ്കാളിത്തമുണ്ട്. ഉണ്ണായി വാരിയർ സ്മാരക കലാനിലയം പ്രസിഡന്റ്, കേരള എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ പ്രസിഡന്റ്, ശ്രീനാരായണ ക്ലബ് പേട്രൺ, ശാന്തി നികേതൻ സ്‌കൂൾ സ്ഥാപക വൈസ് ചെയർമാൻ അങ്ങനെ നിരവധി സ്ഥാനമാനങ്ങൾ വഹിച്ചു. കേരള പഞ്ചഗുസ്തിയുടെ പ്രസിഡന്റായി പത്ത് വർഷത്തിലേറെക്കാലം സജീവമായിരുന്നു. ഭരതന്റെ ഉടമസ്ഥതയിൽ നാല് എയ്ഡഡ് വിദ്യാലയങ്ങളുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, കാറളം, എ.എൽ.പി സ്‌കൂൾ കാറളം, ജനത യു.പി.എസ് പന്തല്ലൂർ, എ.എൽ.പി.എസ് പോങ്കോത്ര എന്നീ വിദ്യാലയങ്ങളുടെ മാനേജർ സ്ഥാനം വഹിക്കാൻ പ്രായവും ശാരീരിക അസ്വസ്ഥതകളും തടസമായിരുന്നില്ല.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ
എന്നും മുന്നിൽനിന്നു: മന്ത്രി ഡോ.ആർ.ബിന്ദു
തൃശൂർ: ഇരിങ്ങാലക്കുടയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിദ്ധ്യമായിരുന്ന കാട്ടിക്കുളം ഭരതൻ ജീവിതാവസാനം വരെ ഇടതുപക്ഷ അനുഭാവിയായി തുടർന്ന് മനുഷ്യസ്നേഹ പ്രേരിതവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നുവെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുടയിലെ ഏത് വികസന പ്രവർത്തനത്തിലും സഹകരിച്ചു. കൊവിഡ് കാലത്തും നാടിനെ ചേർത്തുപിടിച്ചു. ശ്രീനാരായണ സന്ദേശങ്ങളുടെ ഉത്തമപ്രചാരകനായി മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. ഒടുവിൽ അദ്ദേഹത്തെ കണ്ടത് ജൂൺ ഒന്നിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന 'മധുരം ജീവിതം' ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവേളയിലായിരുന്നു. കാണുമ്പോഴൊക്കെയും സ്നേഹത്തോടെ കരം പിടിക്കുകയും കണ്ണീർ വാർക്കുകയും ചെയ്തിരുന്ന ഭരതേട്ടൻ വ്യക്തിപരമായി പ്രകടിപ്പിച്ചിരുന്ന സവിശേഷവാത്സല്യം വല്ലാത്ത നഷ്ടബോധത്തോടെ ഓർക്കുന്നു. ആ കണ്ണീർത്തുള്ളികൾ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന എന്റെ അച്ഛനായുള്ള തിലോദകമായിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |