വലപ്പാട്: അവസാനിച്ചെന്ന് കരുതിയ ജീവിതം തിരിച്ചു നൽകിയ അതേ കൈകളിൽ നിന്നും ജീവനോപാധിക്കുള്ള മൂലധനവും ഏറ്റുവാങ്ങുമ്പോൾ ഗോപകുമാറിന്റെ കണ്ണുകളിൽ തീർത്താൽ തീരാത്ത കടപ്പാട്. പെയ്ന്റിംഗ് തൊഴിലാളിയായിരുന്നു എടത്തിരുത്തി പൈനൂർ ഗോപാലൻ- ലീല ദമ്പതികളുടെ മകൻ ഗോപകുമാർ. 2010ൽ വാഹനാപകടത്തിൽ ശരീരം തളർന്നു. അതിനിടെ ഗോപന്റെ വീട്ടിലെത്തിയ മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാർ രക്ഷകനായി.
ശരീരം ശോഷിച്ച് കമിഴ്ന്ന് മാത്രം കിടക്കാൻ കഴിയുന്ന നിലയിലായിരുന്നു ഗോപൻ. മണപ്പുറം ഫൗണ്ടേഷൻ തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിലെത്തിച്ചു. ബംഗളൂരു നിംഹാൻസിലെ ന്യൂറോ വിഭാഗം മുൻ മേധാവി എസ്.ആർ.ചന്ദ്രയുടെ മേൽനോട്ടത്തിൽ ന്യൂറോ ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കീഴിൽ ചികിത്സ തുടങ്ങി. കൗൺസലിംഗും ശരീരത്തിന്റെ ചലനശേഷി വീണ്ടെടുക്കാൻ ഫിസിയോ തെറാപ്പിയും നൽകി. തിരിച്ചെത്തിയ ഗോപകുമാറിന് മണപ്പുറം ഫൗണ്ടേഷന് കീഴിലുള്ള കോതകുളത്തെ മഹിമാ കൗൺസലിംഗ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിൽ കൗൺസലിംഗും വലപ്പാട് മാകെയർ ഡയഗ്‌നോസ്റ്റിക് സെന്ററിൽ ഫിസിയോ തെറാപ്പിയും തുടങ്ങി. ആറ് മാസം കൊണ്ട് ഗോപകുമാറാകെ മാറി. മണപ്പുറം ഫൗണ്ടേഷന്റെ ഭിന്നശേഷി ദിന പരിപാടിയിൽ പങ്കെടുത്ത ഗോപകുമാർ പരസഹായമില്ലാതെ നടന്നു. ആരോഗ്യം മെച്ചപ്പെട്ടാൽ സ്വയംതൊഴിലിനുള്ള സൗകര്യമൊരുക്കാമെന്ന് നന്ദകുമാർ അന്നേ വാക്കുനൽകിയിരുന്നു. ഫൗണ്ടേഷന്റെ നവീകരിച്ച ഓഫീസിൽ വച്ച് ലക്ഷം രൂപ വിലയുള്ള മുച്ചക്ര സ്‌കൂട്ടറും സ്വയം തൊഴിലിനുള്ള 10,000 രൂപയ്ക്കുള്ള ലോട്ടറി ടിക്കറ്റും നന്ദകുമാറിൽ നിന്ന് ഗോപകുമാർ ഏറ്റുവാങ്ങി. ആദ്യ ലോട്ടറി എടുത്ത് സംരംഭം ഉദ്ഘാടനം ചെയ്തത് മണപ്പുറം റിതി ജ്വല്ലറി എം.ഡി.സുഷമ നന്ദകുമാറാണ്. മണപ്പുറം ഫൗണ്ടേഷൻ സ്വതന്ത്ര ട്രസ്റ്റി സി.എ വി.വേണുഗോപാൽ, സ്ഥിരം ട്രസ്റ്റി ജ്യോതി പ്രസന്നൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |