തൃശൂർ: ആടുകളും പോത്തുകളും ഏത് കാട്ടിൽ പോയി മേഞ്ഞാലും 'ബ്‌ളാക്കി' അവരെ ജീവൻ പണയംവച്ച് രക്ഷിക്കും. കുറുക്കനും കാട്ടുപന്നിയും പാമ്പുകളും തെരുവുനായ്ക്കളുമെല്ലാം അവളുടെ മുന്നിൽ ഒന്നു വിറയ്ക്കും. മാടക്കത്തറ പാറേക്കാട്ടിൽ മോഹൻദാസ് 16 വർഷം മുമ്പ് ഒരു വീട്ടിൽ നിന്ന് എടുത്തുവളർത്തിയ നാടൻ പട്ടിയാണ് ബ്‌ളാക്കി. വീട്ടിൽ നിന്ന് ആടുകളുമായി അവൾ ഇറങ്ങും. തീറ്റയെടുത്തു കഴിഞ്ഞാൽ അവയെ സുരക്ഷിതമായി വീട്ടിലെത്തിക്കും. ആടുകൾക്കു നേരെ പാഞ്ഞുവന്ന കുറുക്കൻമാരെ കടിച്ചുകീറിയിട്ടുണ്ട് ബ്‌ളാക്കി. പതിനൊന്ന് ആടുകളും പത്ത് പോത്തുകളുമാണ് ബ്‌ളാക്കിയുടെ സംരക്ഷണവലയത്തിൽ കഴിയുന്നത്. ബ്‌ളാക്കിയുടെ അമ്മയും കാവൽക്കാരിയായിരുന്നു. പാമ്പുകടിച്ചാണ് ചത്തത്. വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോയി പതിനായിരം രൂപയോളം ചെലവിട്ട് ചികിത്സിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ബ്‌ളാക്കിക്കും അന്ന് കടിയേറ്റിരുന്നു.
ഡേ ആൻഡ് നൈറ്റ് 'വാച്ച് വുമൺ'
രാവും പകലും വാച്ച് വുമണായി ബ്‌ളാക്കി വീട്ടിലും പുറത്തുമായുണ്ടാകും. അവൾക്ക് കൂടില്ല. കുടുംബാംഗം എന്ന പോലെ വീട്ടിനുള്ളിൽ തന്നെയാണ് പാർപ്പിക്കുന്നത്. കാർഷിക സർവകലാശാലയിൽ നിന്ന് ഡ്രൈവറായി വിരമിച്ച മോഹൻദാസിന്റെ (73) കുട്ടിക്കാലത്തു തന്നെ വീട്ടിൽ നായ്ക്കളും നാൽക്കാലികളുമുണ്ടായിരുന്നു.
കഴിഞ്ഞ കാലങ്ങളിലായി ആടുകളെ മേയ്ക്കുന്നതിനിടെ കാട്ടിൽവച്ച് പാമ്പുകടിയേറ്റ് മോഹൻദാസിന്റെ അഞ്ച് നായ്ക്കൾ ചത്തിട്ടുണ്ട്. ആടുകളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പാമ്പുകളെ കൊന്നാണ് അവയും ചത്തത്. ഏതാനും വർഷം മുൻപ് വരെ മോഹൻദാസിന് അമ്പതോളം ആടുകളുണ്ടായിരുന്നു. ഭാര്യ: ഗിരിജ. മക്കളായ ശ്രീജയും ശ്രീദേവിയും വിവാഹിതരാണ്.
ജർമ്മൻ ഷെപ്പേഡ് മുതൽ തെരുവുനായ്ക്കളെ വരെ വളർത്തിയിട്ടുണ്ട്. ഇനി ഒരു ഡോബർമാനെ വാങ്ങുന്നുണ്ട്. കുറേ നായ്ക്കൾ വിട്ടുപോയതിന്റെ വേദന മറക്കാനാവില്ല.
-മോഹൻദാസ്
തെരുവുനായ് കുഞ്ഞുങ്ങളെ എടുത്ത് വാക്‌സിനേഷൻ നടത്തി ആറുമാസം കഴിഞ്ഞ് വന്ധ്യംകരണം ചെയ്താൽ പത്തു വർഷത്തിലേറെക്കാലം അവ വിശ്വസ്തരായ കാവൽക്കാരാകും. അതോടെ തെരുവുനായ്ക്കൾ ഒരു ശല്യമാകില്ല.ഡോ. പി.ബി.ഗിരിദാസ്, വെറ്ററിനറി വിദഗ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |