തൃശൂർ: മഴയൊഴിഞ്ഞ ദിവസങ്ങൾ വന്നെങ്കിലും തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കുഴികൾ ഇനിയും നികത്തിയില്ല. സ്റ്റാൻഡ് കുളമാകുന്നത് മാത്രമല്ല, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഓഫീസ് നടത്തിപ്പും തപ്പിത്തടയുകയാണ്. പുതുക്കാട്, ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററുകളിലും തൃശൂർ ഡിപ്പോയിലുമുള്ള ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം ഫോൺ വഴി പിരിച്ചുവിട്ടത്. ടിക്കറ്റ് ആൻഡ് കാഷിലുള്ളവരാണിവർ. തൃശൂർ ഡിപ്പോയിൽ നിന്ന് നാലുപേരെയാണ് പിരിച്ചുവിട്ടത്. വരുമാനത്തിൽ മുന്നിലായിട്ടും ഈ മൂന്ന് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധമുണ്ട്. ഓഫീസുകളിലെ പ്രവർത്തനം താറുമാറാവുന്ന നിലയിലുമെത്തി. ഇരിങ്ങാലക്കുട സെന്ററിൽ പല സർവീസുകളും ഒഴിവാക്കുകയും ബസുകൾ കട്ടപ്പുറത്ത് ഇടേണ്ടിവരുകയും ചെയ്യുന്ന നിലയാണെന്ന് പറയുന്നു. സർവീസ് കുറവാണെന്ന കാരണം പറഞ്ഞാണ് കൗണ്ടറിലെ രണ്ടു ജീവനക്കാരെയും ഒഴിവാക്കിയതെന്നാണ് വിവരം.
വലഞ്ഞ് വിദ്യാർത്ഥികളും
കൺസെഷൻ അനുവദിക്കുന്നത് അടക്കമുളള നടപടികൾ പുതുക്കാട് ഓഫീസിൽ തകരാറിലായി. ജീവനക്കാരില്ലാത്തതിനാൽ വിദ്യാർത്ഥികൾ തൃശൂർ ഡിപ്പോയിലെത്തേണ്ടി വരുന്നുണ്ട്. അദ്ധ്യയനവർഷാരംഭമായതിനാൽ തിരക്കേറെയാണ്. പിരിച്ചുവിട്ട തസ്തികയിൽ പകരം സംവിധാനമില്ലാതെ നട്ടം തിരിയുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ്. ഇരിങ്ങാലക്കുടയിൽ അടക്കം ആവശ്യത്തിന് ഡ്രൈവർമാരോ കണ്ടക്ടർമാരോ ഇല്ലാത്തതിനാൽ പല സർവീസുകളും വെട്ടിച്ചുരുക്കിയിരുന്നു.
ഇന്ന് ഉന്നത ഉദ്യോഗസ്ഥരെത്തും
കെ.എസ്.ആർ.ടി.സിയിലെ ഭൗതികസാഹചര്യങ്ങൾ വിലയിരുത്താൻ അസി. എൻജിനീയർ അടക്കമുളള സംഘം ഇന്ന് തൃശൂർ ഡിപ്പോയിലെത്തും. നിർമ്മാണപ്രവർത്തനങ്ങളുടെ നടപടികൾക്ക് ഉടനെ തുടക്കമാകുമെന്നാണ് വിവരം. മറ്റൊരു താത്കാലിക സ്റ്റാൻഡ് കണ്ടെത്തുക എന്നതാണ് നിർമ്മാണത്തിന്റെ മുന്നോടിയായുള്ള പ്രാഥമിക വെല്ലുവിളി. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ചെറിയൊരു മഴ പെയ്യുമ്പോഴേയ്ക്കും വെള്ളക്കെട്ടിൽ മുങ്ങും. യാത്രക്കാർ ബസിൽ നിന്നും കാൽവയ്ക്കുന്നതു തന്നെ ചെളിക്കുഴിയിലേക്കാണ്. സ്റ്റാൻഡിനുള്ളിലും കിഴക്കുഭാഗത്ത് വർക്ക് ഷോപ്പിലും ഓട്ടോറിക്ഷ പാർക്കിംഗിന് മുന്നിലുമാണ് വലിയ വെള്ളക്കെട്ടുള്ളത്. കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും അധികം യാത്രക്കാരെ ഉൾക്കൊള്ളാനാവില്ല.
കുഴികൾ അടക്കമുളള പ്രശ്‌നങ്ങൾ ഉന്നതതല ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
-പി.എ.അഭിലാഷ്, എ.ടി.ഒ, തൃശൂർ ഡിപ്പോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |