തൃശൂർ: ജീവൻ നിലനിറുത്താൻ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ജില്ലയിൽ കഴിഞ്ഞ ഒരു വർഷം ലഭിച്ചത് അറുപതിനായിരം യൂണിറ്റ് രക്തം. മുൻകാലങ്ങളെ അപേക്ഷിച്ച് രക്തം നൽകാൻ സ്ത്രീകൾ മുന്നോട്ട് വരുന്നത് ആശ്വാസകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്തദാനം നൽകിയവരിൽ കൂടുതലും. കൊവിഡ് കഴിഞ്ഞ ശേഷം രക്തം ലഭിക്കാൻ നേരിട്ട ബുദ്ധിമുട്ട് നിലവിൽ മറികടന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ചവരിൽനിന്നും വാക്‌സിൻ എടുത്തവരിൽ നിന്നും രക്തം സ്വീകരിച്ചിരുന്നത് കുറച്ച് നാൾ നിറുത്തിവച്ചിരുന്നു. അതേ സമയം കൊവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ പേർ രക്തദാതാക്കളായി രംഗത്ത് വരുന്നുണ്ടെന്നും അധികൃതർ പറയുന്നു.
മെഡിക്കൽ കോളേജിൽ 18,000 യൂണിറ്റ്
മെഡിക്കൽ കോളേജിൽ മാത്രം 18000 യൂണിറ്റ് രക്തമാണ് സംഭരിച്ചത്. പ്ലാസ്മ തിരിച്ചും മറ്റ് സംവിധാനങ്ങളിലുമായി അറുപതിനായിരത്തോളം പേർക്കാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളൽ രക്തം നൽകിയത്. ജില്ലയിൽ ആകെ രക്തം ദാനം ചെയ്ത 59,840 പേരിൽ 56,445 പേർ പുരുഷൻമാരും 3395 പേർ സ്ത്രീകളുമാണ്. 5.70 ശതമാനം സ്ത്രീകളാണ് രക്തം നൽകിയത്. ജില്ലയിൽ ആകെയുള്ള 18 ബ്ലഡ് ബാങ്കുകളിൽ അഞ്ചെണ്ണം സർക്കാർ മേഖലയിലും ബാക്കി സ്വകാര്യ മേഖലയിലുമാണ്.
ബോംബേ ഗ്രൂപ്പ്
അപൂർവ ഗ്രൂപ്പായ ബോംബേ ഗ്രൂപ്പുകാരുടെ സംഗമവും ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും. സംസ്ഥാനത്ത് തന്നെ 200 ഓളം പേരെയാണ് ഈ ഗ്രൂപ്പിലുള്ളവരായി കണ്ടെത്തിയത്. ഇതിൽ 20 പേർ രക്തദാനത്തിന് തയ്യാറായി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം
ലോകരക്തദാതാ ദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മെഡിക്കൽ കോളേജിലെ അലുംമ്നി ഹാളിൽ നടക്കും. രാവിലെ 10.30 ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.രാധകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.ഖോബ്രാഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഡോ.കെ.ജെ.റീന എന്നിവർ പങ്കെടുക്കുമെന്ന് സിനു കടകംപിള്ളി, ഡോ.പി.അനീഷ്, ഡോ.സജിത്ത് വിളവിൽ,പി.എ.സന്തോഷ് കുമാർ, ഡോ.കെ.എ.അർച്ചന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |