തൃശൂർ: ദേശീയപാതയിലും സംസ്ഥാന പാതയിലും മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ശക്തമായ മഴയിൽ റോഡുകൾ തകർന്നതോടെ നിലവിൽ കുരുക്കിന്റെ നീളം കിലോമീറ്ററുകളോളമായി. നിരവധി തവണ ദേശീയപാത അതോറിറ്റിക്കും ഭരണാധികാരികൾക്കും പരാതികൾ നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ദേശീയ പാതയിലെ കുരുക്ക് മൂലം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് ട്രെയിനിലാണ് തലസ്ഥാനത്തേക്ക് തിരിച്ചത്. ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം നീളുന്നത്.
മുരിങ്ങൂരിലെ അടിപ്പാത നിർമ്മാണത്തെ തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് ഇന്നലെ ചാലക്കുടി സൗത്ത് ജംഗ്ഷൻ വരെ നീണ്ടു.
സർവീസ് റോഡുകൾ തകർന്നതാണ് കുരുക്ക് മുറുകാൻ പ്രധാന കാരണം. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കളക്ടർ വിളിച്ച യോഗത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവലോകന യോഗം നടന്നതിനുശേഷം ഒരു നടപടിയും എടുത്തിട്ടില്ല. തകർന്ന സർവീസ് റോഡുകൾ പാറപ്പൊടിയിട്ടാണ് മൂടിയത്. വാഹനങ്ങൾ കടന്നു പോകുന്നതോടെ കുഴികൾ വീണ്ടും പഴയപടിയായി. ലോറികളടക്കമുള്ള വാഹനങ്ങൾ വേഗത്തിൽ പോകാൻ കഴിയാത്തത് കുരുക്ക് രൂക്ഷമാകുകയാണ്.
ടോൾ: സർക്കാരിന് മൗനം
കുരുക്ക് മുറുകിയാൽ പാലിയേക്കരയിലെ ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്ന കളക്ടർ അർജുൻ പാണ്ഡ്യൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ സർക്കാരിന് മൗനം. രണ്ട് തവണ കളക്ടർ ടോൾ പിരിവ് നിറുത്തിവച്ചെങ്കിലും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും സമ്മർദ്ദം മൂലം വീണ്ടും ആരംഭിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കുരുക്ക് തുടർന്നാൽ ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ദേശീയ പാത അതോറിറ്റിയെ അറിയിച്ചിരുന്നു.
ഗതാഗതകുരുക്കിൽ പെട്ട് കിടക്കുന്നതിനാൽ സമയത്തിന് സർവീസ് നടത്താൻ കഴിയുന്നില്ല. റോഡുകൾ ശരിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.ബസ് ഡ്രൈവർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |