തൃശൂർ: നാടിനെ നടുക്കി നെല്ലങ്കരയിൽ ഗുണ്ടാരാജ്. ഇന്നലെ പുലർച്ചെ ലഹരി പാർട്ടിക്കിടയിൽ പരസ്പരം പോരടിച്ച ശേഷം പിടികൂടാനെത്തിയെ പൊലീസിനെ ആക്രമിച്ചായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. പ്രതികളിലൊരാളുടെ വീട്ടിൽ നടന്ന പാർട്ടിയാണ് ആക്രമണത്തിൽ കലാശിച്ചത്. മണ്ണുത്തി സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകളും കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളുമാണ് പൊലീസിനെ ആക്രമിച്ചത്. ഗ്രേഡ് എസ്.ഐ ജയൻ, ശ്യംകുമാർ, അജു, ഷിജു, ഷനോജ് എന്നി പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ ജയന്റെ അണപ്പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. അജുവിന് തലയ്ക്ക് പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലഹരി പാർട്ടിയിലെ സംഘർഷം അറിഞ്ഞ് ഒമ്പത് പൊലീസുകാരാണ് ആദ്യം എത്തിയത്. എന്നാൽ ഇവരെ കീഴ്‌പ്പെടുത്താൻ സാധിക്കില്ലെന്ന് കണ്ടതോടെ കൂടുതൽ പൊലീസിനെ വരുത്തിയാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. ഗുണ്ടാസംഘങ്ങൾ മൂന്നു പൊലീസ് വാഹനങ്ങളാണ് അടിച്ചു തകർത്തത്.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മണ്ണുത്തി പൊലീസിന്റെ ഒരു വാഹനവും തൃശൂർ പൊലീസ് കൺട്രോൾ റൂമിലെ രണ്ട് വാഹനങ്ങളുമാണ് ക്രിമിനലുകൾ തകർത്തത്. മുൻവശത്തെ ചില്ലുകൾ, ബോണറ്റ്, പിൻഭാഗം ഉൾപ്പടെ കമ്പി വടികൊണ്ടും വടിവാൾ കൊണ്ടും അടിച്ചു തകർക്കുകയായിരുന്നു.
മാരകായുധങ്ങളുമായി ഗുണ്ടകൾ
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ക്രിമിനലുകൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷം രൂക്ഷമായതോടെ പ്രതികളിലൊരാളുടെ അമ്മ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നും മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ നിന്നുമായി രണ്ട് ജീപ്പുകളിലായി പൊലീസ് സ്ഥലത്തെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ലാത്തിയുമായി പ്രതികളെ നേരിടാൻ എത്തിയ പൊലീസുകാരെ വടിവാളും കമ്പികളുമായാണ് ഗുണ്ടകൾ നേരിട്ടത്. രണ്ടു പൊലീസ് വണ്ടികളും ഇവർ തകർത്തു. ഇതോടെ പൊലീസ് പിൻവാങ്ങി. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് മറ്റൊരു പൊലീസ് ജീപ്പിലും പൊലീസ് സ്ഥലത്തെത്തി വളഞ്ഞിട്ട് കീഴടക്കുകയായിരുന്നു.
പോരാട്ടം രണ്ട് മണിക്കൂറോളം
ഇന്നലെ പുലർച്ചെ രണ്ടര മുതൽ രണ്ട് മണിക്കൂറോളം നെല്ലങ്കരയിൽ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മിൽ പോരാടി. പൊലീസ് ആദ്യം ഒന്ന് പതറിയെങ്കിലും കൂടുതൽ പൊലീസിനെ എത്തിച്ച് സംഘത്തെ നേരിട്ടു.
തുടക്കത്തിൽ പരസ്പരം പോരാടിയ ഗുണ്ടാ സംഘങ്ങൾ പൊലീസിനെ കണ്ടതോടെ ഒന്നായി പൊലീസിനെ
ആക്രമിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലസിനെ എത്തിച്ചാണ് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ സംഘത്തെ അതിസാഹസികമായി കീഴടക്കിയത്. കൂടുതൽ പൊലീസ് എത്തിയതോടെ വീടും പരിസരവും വളഞ്ഞ് ആറുപേരെ പിടികൂടുകയായിരുന്നു. പതിനഞ്ചോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മണ്ണുത്ത് സി.ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗുണ്ടകൾ തമ്മിലുള്ള പരസ്പരം ഏറ്റുമുട്ടലിലും പൊലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ ബ്രമജിത്തിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.
25 വയസിൽ താഴെ മാത്രം
പിടിയിലായ പ്രതികളിൽ ഒരാളൊഴികെ എല്ലാവരും 25 വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ്. എല്ലാവരുടെയും പേരിൽ നിരവധി കേസുകളും നിലവിലുണ്ട്. പ്രതികളിൽ അൽ അഹദിലിന് 18 ഉം ഷാർബറിന് 19 വയസുമാണ് പ്രായം. ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (34), കാട്ടുപറമ്പിൽ അൽ അഹദിൽ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ ആന്റണി (24), മൂർക്കിനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22). നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ആഷ്മിർ ആന്റണി (24), ചെമ്പൂകാവ് സ്വദേശിയായ മറിയ ഭവനിലെ ഷാർബൽ (19) എന്നിവരാണ് പ്രതികൾ.
മാരകായുധകങ്ങൾ പിടിച്ചെടുത്തു
സംഘർഷത്തിന് ശേഷം പ്രതികളിൽ നിന്ന് നിരവധി മാരകായുധങ്ങളാണ് പിടിച്ചെടുത്തത്. വടിവാൾ, കമ്പിപാര, ഇടിക്കട, കത്തി ഉൾപ്പടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
സ്ഥലത്ത് പൊലീസ് കാവൽ
അധികം ആരും കടന്നു ചെല്ലാത്ത വിജനമായ പ്രദേശത്താണ് ഗുണ്ടാസംഘം ഒത്തുകൂടിയത്. പ്രതികളിൽ ഒരാൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കൂടിയാണിത്. അക്രമത്തിന് ശേഷം പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ, എ.സി.പിമാരായ സലീഷ്.എൻ.ശങ്കർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |