തൃശൂർ: ജില്ലയിൽ ഹെൽത്ത് കാർഡ് പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്. പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്നും ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന സംശയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഹെൽത്ത് കാർഡുകൾക്കൊപ്പം തട്ടുകടകൾ മുതൽ ഹോട്ടലുകൾ വരെയുള്ള ഭക്ഷണശാലകൾ, മത്സ്യ കച്ചവടം, കുടിവെള്ള ഗുണനിലവാരം തുടങ്ങിയവയും പരിശോധിക്കും. സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകിയിരുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് റഗുലേഷൻ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരിശോധനയിൽ പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കാനാണ് നിർദ്ദേശം. ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗത്തിൽ ഹെൽത്ത് കാർഡ് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.
ഹെൽത്ത് കാർഡ് എടുക്കാം
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്ത പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി. പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണമെന്നാണ് നിബന്ധന.
ഭക്ഷ്യസുരക്ഷാ ഉപദേശക സമിതിതീരുമാനങ്ങൾ:
@ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗജന്യമായി ഫുഡ് സേഫ്റ്റി സൂപ്പർവൈസിംഗ് പരിശീലനം ലഭ്യമാക്കും. @സ്‌കൂൾ പാചക തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി ഉപജില്ലാ അടിസ്ഥാനത്തിൽ ക്ലസ്റ്ററുകൾ തിരിച്ച് പരിശീലനം നൽകും.
@ചെറുകട സംരംഭം, സിവിൽ സപ്ലൈ, വഴിയോരക്കച്ചവടം, ഹോട്ടലുകൾ തുടങ്ങിയ ഭക്ഷ്യ മേഖലകളിൽപ്രവർത്തിക്കുന്നവരേയും പരിശീലിപ്പിക്കും.
ജില്ലയിൽ വ്യാജസർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ല. എങ്കിലും പരിശോധന കർശനമാക്കും.
കെ. സുജയൻ, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ,തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |