തൃശൂർ: കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ട് കമ്പനികളിൽ നിന്നുള്ള രാസമാലിന്യം സമീപമുള്ള കിണറുകളിൽ കലരുന്നുവെന്ന് കാട്ടൂരിലെ ജനകീയ കുടിവെള്ള സംരക്ഷണ വേദി പ്രവർത്തകർ. 2024 മേയ് 25ന് മാലിന്യം കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നീതി നടപ്പാക്കാത്തതിനെതിരെ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിക്കും. ആറിന് രാവിലെ പത്തിന് കുന്നത്തുപീടിക മുതൽ സോഡാവളവ് വരെയാകും മനുഷ്യച്ചങ്ങല. തുടർന്ന് എം.പി ഹാളിൽ നടക്കുന്ന പൊതുയോഗം മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകർ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യും.
ഏഴ് മുതൽ കമ്പനിക്ക് മുൻപിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും സമരസമിതി പ്രവർത്തകർ അറിയിച്ചു. 1974ൽ രൂപം കൊണ്ട മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഉടമകൾ പലരും മാറി വ്യവസായങ്ങളും മാറ്റിയതോടെയാണ് രാസമാലിന്യം രൂപപ്പെടുന്നത്. പത്ത് യൂണിറ്റുകൾ നിന്ന സ്ഥലത്ത് ഇപ്പോൾ 13 യൂണിറ്റുകളുണ്ടെന്നും ഇലക്ട്രോ പ്ലേറ്റിംഗും ഗാൽവനൈസിംഗും ഉൾപ്പെടെ രണ്ട് കമ്പനികളിൽ നടക്കുന്നുണ്ടെന്നും ജനകീയ കുടിവെള്ള സംരക്ഷണ വേദി പ്രവർത്തകർ ആരോപിച്ചു. വെള്ളം കുടിക്കാനോ തുണികൾ കഴുകുന്നതിനോ ഉപയോഗിക്കരുതെന്നാണ് അധികൃതരുടെ നിർദ്ദേശമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അരുൺ, പഞ്ചായത്ത് അംഗം പി.എസ്. മോളി, ടി.ടി. വിൻസെന്റ്, എം.ജെ. ഷാജി, ജോയ് തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |