ടി.എൻ.നമ്പൂതിരി പുരസ്‌കാരം ബാബു വൈലത്തൂരിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന് തുടക്കം. ഇന്നലെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കുട്ടംകുളം സമര സ്മാരക സ്തൂപം കൃഷി മന്ത്രി പി.പ്രസാദ് അനാച്ഛാദനം ചെയ്തു. ടി.എൻ.നമ്പൂതിരി പുരസ്‌കാര സമർപ്പണവും സാഹിത്യോത്സവവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ദാമോദരന്റെ 'പാട്ടബാക്കി' എന്ന രാഷ്ട്രീയ നാടകം പുനരാവിഷ്‌കരിച്ച യുവ സംവിധായകൻ ബാബു വൈലത്തൂരിനെ പുരസ്‌കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.
കുരീപ്പുഴ ശ്രീകുമാർ, ലിസി, ഡോ. വത്സലൻ വാതുശ്ശേരി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ് കുമാർ, സംസ്ഥാന കൗൺസിലംഗം വി.എസ്.സുനിൽകുമാർ,കെ.പി.സന്ദീപ്, സംഘാടക സമിതി കൺവീനർ ടി.കെ.സുധീഷ്,കെ.ശ്രീകുമാർ , കെ.എസ്.ജയ,അഡ്വ. രാജേഷ് തമ്പാൻ എന്നിവർ പങ്കെടുത്തു.
സാംസ്‌കാരിക ബോധം ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠമാണെന്നും ബഹുസ്വരതയെ കാത്തുസൂക്ഷിക്കാൻ സാഹിത്യലോകം വഹിക്കുന്ന പങ്ക് ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണ്.
( പി.പ്രസാദ് ,കൃഷി മന്ത്രി)
സാംസ്കാരികോത്സവത്തിൽ ഇന്ന്
ഇരിങ്ങാലക്കുട: സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴിന് ലഹരിക്കെതിരെ നടക്കുന്ന പ്രഭാത നടത്തം ഇന്ത്യൻ ഫുട്ബാൾ മുൻ നായകൻ ജോപോൾ അഞ്ചേരി ഫ്ളാഗ് ഓഫ് ചെയ്യും. കുട്ടംകുളം മുതൽ അയ്യങ്കാവ് മൈതാനം വരെയാണ് കൂട്ടനടത്തം. വൈകീട്ട് നാലിന് മുനിസിപ്പൽ ടൗൺ ഹാളിൽ വിദ്യാർത്ഥി യുവജന സംഗമം നടക്കും.
വൈകീട്ട് നാലിന് മുനിസിപ്പൽ ടൗൺ ഹാളിൽ വിദ്യാർത്ഥി യുവജന സംഗമത്തിൽ, മാദ്ധ്യമ പ്രവർത്തകൻ അഭിഷാഷ് മോഹൻ മോഡറേറ്ററാകും. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി എന്നിവർ പങ്കെടുക്കും. ബിനോയ് ഷബീർ സ്വാഗതവും മിഥുൻ പോട്ടോക്കാരൻ നന്ദിയും പറയും. തുടർന്ന് രാഗവല്ലി ദ ആർട്ട് ഓഫ് മ്യൂസിക്ക് ടീമിന്റെ ലൈവ് മ്യൂസിക് ബാൻഡ് അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |