കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ബോട്ടുകൾ വീണ്ടും മത്സ്യബന്ധനത്തിനായി കടലിലേക്കു തിരിച്ചു. അഴിക്കോടും മുനമ്പത്തും അഴിമുഖത്ത് പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തിയും ആഹ്ലാദ പ്രകടനത്തോടെയാണ് ബോട്ടുകൾ കടലിലേക്ക് ഒഴുകിയത്. അഴിക്കോട് അഴിമുഖത്തു കൂടി നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളാണ് ലൈറ്റുകൾ തെളിച്ച് സൈറൺ മുഴക്കിയും കടലിലേക്ക് കടന്നത്. മുനമ്പം ഹാർബറിലും പുലിമുട്ടിലും അഴിക്കോട് പുലിമുട്ടിലും നൂറുകണക്കിന് ആളുകൾ മനോഹര കാഴ്ച കാണാൻ തടിച്ചു കൂടിയിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ നിന്നു പോലും കുടുംബ സമേതം ആളുകൾ ബോട്ടുകളുടെ ആഘോഷം കാണാൻ എത്തിയത് ഉത്സവാന്തരീക്ഷം ഉണ്ടാക്കി. മുനമ്പത്തും അഴിക്കോടും പുലിമുട്ടുകളിൽ നിന്നും കാഴ്ചക്കാരും നാട്ടുകാരും ബോട്ട് ഉടമകളും കരിമരുന്ന് പ്രയോഗങ്ങളും നടത്തി. പുലർച്ചെ മൂന്നുവരെ അഴിമുഖത്തു കൂടി നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് ഇറങ്ങിയത്.
52 ദിവസത്തെ നീണ്ട ഇടവേളക്കുശേഷമാണ് ബോട്ടുകൾ കൂട്ടമായി കടലിൽ എത്തുന്നത്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ കാസർകോട് വരെ ചെറുതും വലതുമായി നൂറുകണക്കിന് മത്സ്യബന്ധന ഹാർബറുകളിൽ നിന്ന് പതിനായിരക്കണക്കിന് ബോട്ടുകളാണ് അർദ്ധരാത്രി മുതൽ കടലിലേക്ക് പോയത്. മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടുകൾ ലഭ്യതയനുസരിച്ച് ഇന്നും നാളെയുമായി മത്സ്യങ്ങളുമായി ഹാർബറിലേക്കു തിരിക്കും. മത്സ്യം എത്തുന്നതോടെ ഹാർബറിൽ വീണ്ടും നിലയ്ക്കാത്ത ആരവങ്ങളായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |