തൃശൂർ: ഒരു മാസത്തേക്ക് ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള ഹെെക്കോടതി വിധിയിൽ പാലിയേക്കരയിലെ ടോൾ കൊള്ളയ്ക്ക് താൽക്കാലിക ആശ്വാസം. ഡി.സി.സി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റിന്റെയും കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെയും ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അടിപ്പാത നിർമാണം നടക്കുന്ന ഏഴ് സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കുമെതിരെ ജനരോഷം ഉയർന്നത്. കുരുക്കഴിക്കാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കളക്ടർ അർജുൻ പാണ്ഡ്യൻ കളക്ടറേറ്റിൽ വിളിച്ചുവരുത്തി നിർദ്ദേശം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടർന്ന് കളക്ടർ ജില്ലാ മജിസ്‌ട്രേറ്റെന്ന രീതിയിൽ രണ്ട് തവണ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും സ്വാധീനത്തിന് വഴങ്ങി സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം കളക്ടർക്ക് ടോൾ പിരിവ് നിർത്തിവച്ചത് പിൻവലിക്കേണ്ടി വന്നു.
10 വർഷത്തിനുള്ളിൽ ആയിരം കോടി രൂപയാണ് കമ്പനി പിരിച്ചെടുത്തത്. കഴിഞ്ഞ 13 വർഷമായി പിരിവ് തുടരുകയാണ്. ഓരോ വർഷവും ടോൾ നിരക്ക് കൂട്ടിയാണ് കൊള്ളയടി തുടരുന്നത്.
തട്ടിപ്പിനും സാധ്യത
ടോൾ പിരിവ് അവസാനിപ്പിച്ചുവെന്ന് പറഞ്ഞാലും പണം നഷ്ടപ്പെട്ടുവെന്ന മെസേജ് വരുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടി വരുമെന്ന് വാഹനയാത്രക്കാർ പറഞ്ഞു. കഴിഞ്ഞ തവണ കളക്ടർ താൽക്കാലികമായി ടോൾ നിർത്തിവയ്പ്പിച്ചെങ്കിലും റീഡർ മാറ്റിയിരുന്നില്ല. ഇത്തവണ ഈ തട്ടിപ്പ് അനുവദിക്കില്ലെന്നും റീഡർ മാറ്റണമെന്നും അഡ്വ. ഷാജി കോടങ്കണ്ടത്ത് ടോൾ കമ്പനി മാനേജർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടോൾ തുടങ്ങിയത് - 2012 ഫെബ്രുവരി 10
പാതയുടെ നിർമാണച്ചെലവ് - 721.17 കോടി
ഇതുവരെ പിരിച്ചത് - 1600 കോടി
ഓരോ ദിവസം പരിച്ചെടുക്കുന്നത് - 55 ലക്ഷം
പിരിക്കാനുള്ള കരാർ കാലാവധി - 2028 വരെ
ടോൾ നിരക്ക്
കാർ, ജീപ്പ് - 140
ചെറുകിട വാണിജ്യ വാഹനങ്ങൾ - 240
ബസ്,ട്രക്ക് - 485
മൾട്ടി ആക്‌സിൽ വാഹനങ്ങൾ - 515
ആശ്വാസം നൽകുന്ന വിധി
ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി വിധി. കോടികളാണ് ജനങ്ങളുടെ കൈയിൽ നിന്ന് കൊള്ളയടിക്കുന്നത്. കളക്ടർ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടപ്പോൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കളക്ടർക്ക് ടോൾ പിരിവ് രണ്ടു തവണയും പുനഃസ്ഥാപിക്കേണ്ടി വന്നത്.
-അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്
പോരാട്ടങ്ങൾ ഫലം കണ്ടു
ടോൾ പിരിവിനെതിരെ നിയമയുദ്ധം നടത്തിയതിന്റെ ഫലമായാണ് ഹൈക്കോടതിയിൽ അനുകൂല വിധി സമ്പാദിക്കാനായത്. വൻ കൊള്ളയാണ് ടോൾ കമ്പനി നടത്തുന്നത്. ഇത് താൽക്കാലികമായി തടഞ്ഞതാണെങ്കിലും സ്ഥിരമായി ടോൾ പിരിവ് ഒഴിവാക്കാനുള്ള പോരാട്ടം തുടരും.
-അഡ്വ. ഷാജി കോടങ്കണ്ടത്ത്, കെ.പി.സി.സി സെക്രട്ടറി
കുരുക്കും കുഴിയും മൂലം മണിക്കൂറുകൾ നടുറോഡിൽ കിടക്കേണ്ടി വരുന്നു. എല്ലാം സഹിച്ച് വാഹനം ഓടിക്കേണ്ടി വരുന്ന ഗതികേടിലാണ് ഡ്രൈവർമാർ. ടോളെങ്കിലും ഒഴിവാക്കുന്നത് വളരെ ആശ്വാസം നൽകുന്നതാണ്.
- ബിജു ബേബി, ഏബനേസർ ട്രാവൽസ് ഉടമ
കുഴിയിലൂടെ വാഹനമോടിച്ച് ദിവസവും വർക്ക്ഷോപ്പിൽ കയറ്റേണ്ട സ്ഥിതിയാണിപ്പോൾ. ഇതിനുപുറമെയാണ് ടോളും കൊടുക്കേണ്ടി വന്നിരുന്നത്. എന്തായാലും ടോൾ ഒഴിവാക്കാനുള്ള പോരാട്ടം നയിച്ചവരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
- പി.കെ.റെജി, ഗുഡ്‌മോണിംഗ് ട്രാവൽസ്
ടോൾ ഒഴിവാക്കിയ നടപടിയിൽ വളരെ സന്തോഷമുണ്ട്. വാഹനവുമായി പോകുമ്പോൾ കുരുക്കിൽ കിടക്കുന്നതിനു പുറമെ കാത്ത് കിടന്ന് ടോളും കൊടുക്കേണ്ടിവരുന്നത് വൻ ഗതികേടായിരുന്നു.
- കെ.വി.ജോയ്, ഇമ്മാനുവേൽ ഗ്രൂപ്പ്
ടോൾ കൊള്ളയ്ക്കും ഗതാഗതകുരുക്കിനുമെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ സമരങ്ങളുടെ ഫലമെന്ന നിലയിൽ വന്ന ഹൈക്കോടതി വിധി ജനങ്ങൾക്ക് ആശ്വാസമാണ്.
- ഫൈസൽ ഇബ്രാഹിം, യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |