അന്നമനട: നാടെങ്ങും കർഷകദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ, 18 വർഷം മുമ്പ് കേരളത്തെ ഇളക്കിമറിച്ച എരയാംകുടി സമരവും അതിന്റെ അമരക്കാരി ജയശ്രീ ടീച്ചറും (62) ഇന്നും ഓർമ്മകളിൽ ജ്വലിക്കുന്നു. 500 ഏക്കറോളം വരുന്ന നെൽപ്പാടങ്ങളെ ഇഷ്ടിക മാഫിയയുടെ കൈകളിൽ നിന്ന് രക്ഷിക്കാൻ ഒരു സ്ത്രീ നടത്തിയ ആ പോരാട്ടം കർഷക സമരചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. ബംഗാളിലെ ശാന്തിനികേതനിൽ നിന്ന് എരയാംകുടിയിൽ താമസിക്കാനെത്തിയ ജയശ്രീ ടീച്ചർ അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി.
ജയശ്രീ ടീച്ചറുടെ സ്വദേശം ആലുവയാണ്. ആലുവ നസ്രത്തുൽ ഇസ്ലാം ഹൈസ്‌കൂൾ, ചാലക്കുടി കാർമൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായി. തൃപ്രയാർ പഴുവിൽ ഓറിയന്റൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രിൻസിപ്പാളായി. അത് രാജിവച്ച് മകളുടെ വിദ്യാഭ്യാസത്തിന് ശാന്തിനികേതനിൽ പോയി. അവിടെ സ്ഥലം വാങ്ങി നാലുവർഷത്തോളം താമസിച്ച് കൃഷി ചെയ്തു. പിന്നീട് മകൾ മരിച്ചു. ഇഷ്ടികക്കളങ്ങളായി മാറുന്ന നെൽവയലുകളെ സംരക്ഷിക്കാൻ 103 ദിവസം നീണ്ട സമരത്തിൽ അവസാന 13 ദിവസം നിരാഹാര റിലേ സത്യഗ്രഹം നടത്തി. ഒരുവേള ജയശ്രീ ടീച്ചറെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം വരെയുണ്ടായി. സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവർ കൂടിയെത്തിയതോടെ സമരത്തിന്റെ ദിശ മാറി. പാടശേഖരത്തിലെത്തിയ ഉമ്മൻചാണ്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അധികാരികളെയും പൊലീസിനെയും മറികടന്ന് മുന്നോട്ടുപോകാൻ ഇത് ഊർജം പകർന്നു.
2008 ഫെബ്രുവരി 24ന് പാടത്ത് വിത്തിറക്കാൻ തീരുമാനിച്ചതോടെ സമരം പുതിയ ഘട്ടത്തിലെത്തി. സുഗതകുമാരി ടീച്ചർ, സാറാ ജോസഫ്, ലീല മേനോൻ എന്നിവരെത്തി. പൊലീസ് സമരക്കാരെ നേരിട്ടു. പ്രക്ഷോഭം ശക്തമായതോടെ 2008 മാർച്ച് 8ന് അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരൻ കളക്ടറേറ്റിൽ യോഗം വിളിച്ചുചേർത്തു. ഇഷ്ടികക്കളങ്ങൾ നിറുത്തലാക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഇപ്പോൾ എരയാംകുടി പാടശേഖരത്തിന്റെ കരയിൽ മനോഹരമായ വീട്ടിൽ കൃഷിയും നെയ്ത്തും കൈത്തൊഴിലുമായി കഴിയുകയാണ്. എ.ജി ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത കെ.എ.അപ്പുവാണ് ജീവിതപങ്കാളി. മൂന്ന് മക്കളുമുണ്ട്.
സ്‌കൂളിൽ നേച്ചർ ക്ലബ്ബിന്റെ സംഘാടകയായിരുന്നു. വനത്തിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുമായിരുന്നു. അങ്ങനെയാണ് പ്രകൃതിയോട് സ്‌നേഹം തോന്നിയത്.
ജയശ്രീ ടീച്ചർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |