തൃശൂർ: മാസങ്ങളായി നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ മഴയിൽ ഇഴയുന്നതോടെ മുതുവറയിൽ നിന്ന് പൂങ്കുന്നം വരെയുള്ള നാലു കിലോമീറ്റർ പിന്നിടാൻ ഒന്നരമണിക്കൂർ. ഇന്നലെ രാവിലെ എട്ടു മണി മുതൽ 11 മണി വരെ കുരുക്കിൽ കുടുങ്ങിക്കിടന്നത് നൂറുകണക്കിന് വാഹനങ്ങൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്.
അമല മെഡിക്കൽ കോളേജിലേക്കും തൃശൂരിലെ മറ്റ് ആശുപത്രികളിലേക്കുമുള്ള ആംബുലൻസുകളും കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്.
കർണ്ണാടകയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുളള ദീർഘദൂരബസുകൾ ഉൾപ്പെടെ ഏറെ നേരം എൻജിൻ ഓഫ് ചെയ്തിടേണ്ടി വന്നു.
ഒരു മാസം മുൻപ്, ജില്ലയിൽ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ഏറ്റെടുത്ത് നടത്തുന്ന തൃശൂർ-കുറ്റിപ്പുറം റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും കെ.എസ്.ടി.പി അധികൃതരും സന്ദർശനം നടത്തിയിരുന്നു. ഗതാഗതപ്രശ്‌നം രൂക്ഷമായ മുതുവറ മുതൽ പൂങ്കുന്നം വരെയുള്ള ഭാഗത്താണ് സന്ദർശനം നടത്തിയത്. തുടർന്ന് നിർമ്മാണത്തിന് വേഗം കൂടിയെങ്കിലും പിന്നീട് വീണ്ടും പഴയപടിയായി. പൂങ്കുന്നത്തെ മൈനർ പാലത്തിന്റെ നിർമ്മാണം കഴിഞ്ഞമാസം പൂർത്തിയായിരുന്നു.
ഇഴഞ്ഞ് പണി
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് പുഴയ്ക്കൽ ശോഭാസിറ്റിക്കു സമീപമുള്ള പാലത്തിന്റെ നിർമ്മാണം വൈകുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ മഴ ഒഴിഞ്ഞ ദിവസങ്ങളിലും പണി ഇഴഞ്ഞാണ് നീങ്ങിയത്. മുതുവറ മുതൽ പുഴയ്ക്കൽ വരെയുള്ള റോഡിലെ ഗതാഗതതടസമുണ്ടാക്കുന്ന കുഴികൾ അടിയന്തരമായി അടയ്ക്കുന്നതിനും തുടർച്ചയായി പരിപാലിക്കുന്നതിനും കെ.എസ്.ടി.പി അധികൃതർക്ക് കളക്ടർ നിർദേശം നൽകിയെങ്കിലും കുഴികൾ ഇപ്പോഴുമുണ്ട്.
പാഴാകുന്ന ഉറപ്പുകൾ
(കെ.എസ്.ടി.പി അധികൃതർ കളക്ടറെ അറിയിച്ചത്)
@ ഇരുവശങ്ങളും ആഗസ്റ്റിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും.
@പുഴയ്ക്കൽ മുതൽ മുതുവറ വരെ വലതുവശത്തെ കോൺക്രീറ്റ് ജൂലായിൽ പൂർത്തിയാക്കും.
@ ആഗസ്റ്റിൽ പുഴയ്ക്കൽ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കും.
നിർമ്മാണച്ചുമതല: കെ.എസ്.ടി.പി വിഭാഗം
ദൂരം: പാറമേക്കാവ് ജംഗ്ഷൻ കല്ലുംപുറം.
നിയോജകമണ്ഡലങ്ങൾ : തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം.
ദൂരം: 33. 24 കി.മീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |