തൃശൂർ: വാർഡുതല സംവിധാനം സുശക്തമാക്കി, താഴേക്കിടയിൽ നിന്നും പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കോപ്പുകൂട്ടുകയാണ് എൽ.ഡി.എഫ്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തകൃതിയാണ്. വ്യാജവോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താനും അനർഹ കൂട്ടിച്ചേർക്കലുകൾക്കെതിരെ ജാഗ്രത പാലിക്കാനും അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ മിക്കയിടങ്ങളിലും എൽ.ഡി.എഫിനാണ് ഭരണം. ഗ്രാമ നഗര പ്രദേശങ്ങളിലെ വികസനം ഉയർത്തിക്കാട്ടി വർഗീയ രാഷ്ട്രീയത്തിനും വലതുകൂട്ടായ്മയ്ക്കുമെതിരെ വരുന്ന തിരഞ്ഞെടുപ്പിലും മികച്ച വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് നേതൃത്വം.
പ്രചാരണ വിഷയങ്ങൾ
വികസന പ്രവർത്തനങ്ങളും വികസനരേഖയും ഉയർത്തിക്കാട്ടി വികസനജാഥകൾ നടത്തിയുള്ള പ്രചാരണം ഗ്രാമ, നഗര പ്രദേശങ്ങളിൽ ശക്തമാക്കും. പ്രതിസന്ധിയിലും കൂട്ടായി നിന്ന സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മുൻപിലെത്തിക്കും. മനുഷ്യരുടെ നിത്യജീവിതം സമാധാനപരമായി നിലനിറുത്തുകയാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും എൽ.ഡി.എഫിലെ ഘടക കക്ഷികളുടെയും ലക്ഷ്യം.
വിഭാഗീയതയും വിദ്വേഷപ്രചാരണവുമാണ് വർഗീയ, വലതുപക്ഷ കൂട്ടായ്മകളുടെ മുഖമുദ്ര. ഇക്കാര്യം തുറന്നുകാട്ടി കാമ്പയിൻ നടത്തും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മേൽക്കൈ ഇത്തവണയും ഗ്രാമനഗര പ്രദേശങ്ങളിൽ എൽ.ഡി.എഫ് നിലനിറുത്തും.-കെ.വി.അബ്ദുൾ ഖാദർ,
സി.പി.എം ജില്ലാ സെക്രട്ടറി
തദ്ദേശ തിരഞ്ഞെടുപ്പിനെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. തിരഞ്ഞെടുപ്പ് ചർച്ചകളാരംഭിച്ചിട്ടില്ല. അസ്വാരസ്യങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകും. അതത് പ്രദേശങ്ങളുടെ തനതായ വികസനപ്രശ്‌നങ്ങളും സംസ്ഥാന സർക്കാരിന്റെ വികസനവും ഉയർത്തിക്കൊണ്ടുവരും.
-കെ.ജി.ശിവാനന്ദൻ,
സി.പി.ഐ ജില്ലാ സെക്രട്ടറി
ഘടക കക്ഷികൾ
സി.പി.ഐ
ആർ.ജെ.ഡി
കേരള കോൺഗ്രസ് (എം)
ജനതാദൾ (എസ്)
കേരള കോൺഗ്രസ് (എസ്)
കേരള കോൺഗ്രസ് (ബി)
ജനാധിപത്യ കേരള കോൺഗ്രസ്
ഐ.എൻ.എൽ
നാഷണൽ ലീഗ്
കഴിഞ്ഞ തിരഞ്ഞെടുപ്പ്
ആകെ പഞ്ചായത്തുകൾ: 86
എൽ.ഡി.എഫ്: 69
ബ്ലോക്ക് പഞ്ചായത്ത്: 17
എൽ.ഡി.എഫ്: 14
നഗരസഭ: 7
എൽ.ഡി.എഫ്: 5
കോർപറേഷൻ കക്ഷിനില
ആകെ ഡിവിഷൻ: 55
എൽ.ഡി.എഫ്: 24
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: 29
എൽ.ഡി.എഫ്: 25
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |