തൃശൂർ: സെപ്തംബറിൽ 10ന് കൃഷിയിറക്കാൻ നെട്ടോട്ടമോടുന്നതിനിടെ കർഷകരെ വട്ടംകറക്കി കരുവാലിച്ചണ്ടിയും കുളവാഴയും പായലും കനാലുകളിൽ നിറഞ്ഞു. ഇറിഗേഷൻ കനാലുകളിലെ നീരൊഴുക്ക് നിലച്ചതോടെ പാടശേഖരങ്ങൾ വറ്റിച്ച് കൃഷി ഇറക്കാനും കഴിയാതെയായി. ശാസ്താംകടവ് മുതൽ മുതൽ കാഞ്ഞാണി ഏനാമാക്കൽ റെഗുലേറ്റർ വരെയുള്ള കനാലുകളിൽ ഒഴുക്ക് നിലച്ചിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാത്തതിനാൽ കോൾപടവുകൾ പമ്പിംഗ് നിറുത്തിവച്ചു. കനാലുകളിൽ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന നിലയിലാണ്. ഇരുപത് കിലോമീറ്ററിലേറെ ദൂരം കനാലുകളിൽ ചണ്ടിയുണ്ടെന്നാണ് കർഷകർ പറയുന്നത്. മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ അടിയന്തരമായി ഇവ നീക്കംചെയ്യുമെന്ന് കർഷകപ്രതിനിധികളെ അറിയിച്ചിരുന്നു. എന്നാൽ നടപടിയായില്ല. ചണ്ടിയും പായലും മാറ്റാൻ പണം നീക്കിവയ്ക്കാതെ മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായും കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ വർഷവും ചണ്ടിയും കുളവാഴയും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. രണ്ടു മാസം വൈകിയാണ് കൃഷി തുടങ്ങാനായത്. ഇത് വിളവ് കുറയാനും ഇടയാക്കിയിരുന്നു. വൻ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്.
നീറ്റുകക്ക കിട്ടാനില്ല, മുണ്ടകപ്പാടത്തും നെട്ടോട്ടം
ജില്ലയുടെ വടക്കുപടിഞ്ഞാറൻ മുണ്ടകപ്പാടശേഖരങ്ങളിൽ മണ്ണിന്റെ അമ്ലത കൂടിയതായി കർഷകർ പറയുന്നു. ഇത്
കുറയ്ക്കുന്നതിനുളള നീറ്റുകക്ക കിട്ടാനുമില്ല. നിലം ഉഴുതുകഴിഞ്ഞാൽ നീറ്റുകക്ക വിതറി വെള്ളം ഒഴുക്കിക്കളഞ്ഞാണ് ഞാറ്റടി തയ്യാറാക്കി ഞാറ് നടുക. കക്കയ്ക്ക് ക്ഷാമത്തിനൊപ്പം 10 കിലോഗ്രാമിന് 160 രൂപയായി വില കൂടിയതായും പറയുന്നു. ഒരേക്കറിന് 100 കിലോഗ്രാമെങ്കിലും വേണം. സർക്കാർ സബ്‌സിഡി നിരക്കിൽ കക്ക നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിനിടെ കനത്ത മഴ പെയ്താൽ എല്ലാം താളം തെറ്റും.
വഴിനീളെ 'പണി'കൾ
രോഗകീടബാധകൾ മുതൽ കൂലിച്ചെലവും വളങ്ങളുടെ വിലക്കയറ്റവും കൊയ്‌തെടുത്താൽ സപ്ലൈകോ നെല്ലിന്റെ വില നൽകുന്നതിലെ കാലതാമസവുമെല്ലാം അടക്കം നിരവധി പ്രതിസന്ധികളാണ് കർഷകർക്ക് മുന്നിലുളളത്. ചില പാടങ്ങളിൽ വ്യാപകമായി പുല്ല് നിൽക്കുന്നുമുണ്ട്. ഇത് നീക്കാനും പിടിപ്പതു പണിയാണ്. ഇതിനിടയിൽ അപ്രതീക്ഷിതമായുളള കനത്തമഴയും തിരിച്ചടിയാകും. കർക്കടകത്തിൽ പ്രതീക്ഷിച്ചതിലധികം മഴയാണ് പെയ്തത്.
അടി ഇളക്കി ചണ്ടികൾ നീക്കണം. ഒരാഴ്ചയ്ക്കുളളിൽ തന്നെ ചണ്ടി പൂർണമായി നീക്കം ചെയ്താലേ
സെപ്തംബറിൽ കൃഷിയിറക്കാൻ കഴിയൂ. കൃഷിയിറക്കാൻ വൈകിയാൽ വേനൽമഴയിൽ വിളവ് നശിക്കും.
-ഗോപിനാഥൻ കൊളങ്ങാട്ട്,
പ്രസിഡന്റ്, പുല്ലഴി കോൾപ്പടവ് സഹകരണസംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |