തൃപ്രയാർ : മകൾ പറത്തിയ വിമാനത്തിൽ യാത്രക്കാരനായി പിതാവ്. വേൾഡ് മലയാളി കൗൺസിലിന്റെ മുൻ പ്രസിഡന്റും കണ്ണൂർ സ്വദേശിയുമായ സതീഷ് മുതലയിലും മകൾ ശ്രുതി സതീഷുമാണ് (32) കൊച്ചിൻ - ബഹ്‌റൈൻ വിമാനത്തിൽ അപൂർവത സൃഷ്ടിച്ചത്. സതീഷ് ബഹ്‌റിനിലാണ് താമസം. സതീഷ് കൊച്ചിയിൽ നിന്ന് തിരിച്ചുപോകുകയായിരുന്നു.
നാട്ടിക സ്വദേശിയും പൈലറ്റുമായ ദേവരാജ് ഇയ്യാനിയുടെ ഭാര്യയാണ് ശ്രുതി. ദേവരാജും ഭാര്യ ശ്രുതിയും ആദ്യം കോസ്റ്റ് ഗാർഡിലായിരുന്നു. കമാൻഡന്റ് റാങ്കിലായിരുന്നു ദേവരാജ്. ഡെപ്യൂട്ടി കമാൻഡന്റായിരുന്നു ശ്രുതി. ഒന്നര വർഷം മുൻപായിരുന്നു ഇരുവരും സർവീസിൽ നിന്ന് വിരമിച്ചത്. തുടർന്ന് ഇൻഡിഗോയിൽ എയർബസ് എ 320 വിഭാഗത്തിൽപെട്ട വിമാനങ്ങൾ പറത്താൻ തുടങ്ങി. ഗൾഫ് നാടുകളിലേക്കും മാലിദ്വീപിലേക്കുമുള്ള യാത്രകളും ആഭ്യന്തര സർവീസുമാണ് കൂടുതലും.
ഇന്ത്യൻ നേവൽ അക്കാഡമിയിൽ ഇരുവരും 18 വയസ് മുതൽ വിമാനം പറത്തി പരിശീലനം നേടി. ഡോനിയർ വിമാനങ്ങളിലായിരുന്നു ആദ്യ പരിശീലനം. അന്ന് ശ്രുതി ഏറ്റവും ചെറുപ്പം കുറഞ്ഞ പൈലറ്റായിരുന്നു. മസ്‌കറ്റിലുള്ള നാട്ടിക സ്വദേശി രാജൻ ഇയ്യാനിയുടെയും സജിലയുടെയും മകനാണ് ദേവരാജ്. മലയാളം സിനിമ 2018ൽ ഗർഭിണിയെ എയർലിഫ്റ്റ് ചെയ്യുന്ന സീനിൽ നടൻ ടൊവിനോക്കൊപ്പം അഭിനയിച്ചത് ദേവരാജായിരുന്നു. ചെറുപ്പം മുതലേ അച്ഛനുമായി നിരവധി യാത്രകൾ ചെയ്യാൻ സാധിച്ചിരുന്നുവെന്ന് ദേവരാജ് പറഞ്ഞു. അങ്ങനെയാണ് വിമാനങ്ങളോട് കമ്പം തോന്നിയത്.
ഒരു കുടുംബത്തിൽ നാല് പൈലറ്റുമാർ
ദേവരാജിന്റെ സഹോദരൻ ശ്രീരാജും പൈലറ്റാണ്. ഭാര്യ സ്‌നേഹ പൈലറ്റ് ട്രെയിനിംഗിന്റെ അവസാന ഘട്ടത്തിലാണ്. സ്‌നേഹ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്നു. പിന്നീട് പൈലറ്റ് ട്രെയിനിംഗിനെത്തി. നാട്ടികയിലെ ഒരു സാധാരണ കുടുംബം ഒന്നാകെയാണ് വിമാനം പറത്തുന്നത്. മൂന്നു പേരും ഇൻഡിഗോ എയർലെൻസിൽ ജോലി ചെയ്യുന്നു.
പൈലറ്റായാൽ ഇന്ത്യൻ മിലിറ്ററിയിൽ സാദ്ധ്യത വളരെ കൂടുതലാണ്. മലയാളികൾ കൂടുതൽ ഈ രംഗത്തേക്ക് കടന്നുവരണം. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പ്രത്യേക ശ്രദ്ധവെച്ചാൽ ഈ മേഖലകളിലേക്ക് കയറിപ്പോകാൻ കഴിയും.
ദേവരാജ് ഇയ്യാനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |