തൃശൂർ: മഞ്ചേരി മെഡിക്കൽ കോളേജിന് പിന്നാലെ മുളങ്കുന്നത്തുകാവിലും പോസ്റ്റ് മോർട്ടം സമയം നീട്ടി ഫോറൻസിക് വിഭാഗം. വൈകിട്ട് ഏഴുവരെയാണ് പോസ്റ്റ് മോർട്ടം നീട്ടിയത്. ഡോക്ടർമാരുടേയും മറ്റു ജീവനക്കാരുടേയും കുറവ് മറികടന്നാണ് നീക്കം. സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് സർജൻമാരുടെ പതിനാറ് ഒഴിവുകളുണ്ടെങ്കിലും നികത്തിയത് നാല് ഒഴിവുകൾ മാത്രമാണ്. മൂന്ന് ഫോറൻസിക് സർജൻമാരുടെ ഒഴിവാണ് തൃശൂരിലുളളത്.
മറ്റ് മെഡിക്കൽ കോളേജുകളിൽ നാലു മണി വരെ മാത്രമാണ് പോസ്റ്റ് മോർട്ടം. പൊലീസ് പരിശോധന പൂർത്തിയാക്കി ഏഴ് മണിക്കുള്ളിൽ എത്തിക്കുന്ന എല്ലാ മൃതദേഹങ്ങളും അന്നു തന്നെ തൃശൂരിൽ പോസ്റ്റ് മോർട്ടം നടത്തി നൽകും. ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ രാത്രിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങണമെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവുണ്ടായെങ്കിലും നടപ്പിലാക്കുന്നതിന് ഡോക്ടർമാരുടെ കുറവ് തടസമായിരുന്നു. രാത്രിയിൽ പോസ്റ്റ്‌മോർട്ടം എന്ന നിർദേശം അടിയന്തരമായി നടപ്പിലാക്കി സർക്കാരിനെ അറിയിക്കാൻ ഡി.എം.ഇ പ്രിൻസിപ്പലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ച് കേന്ദ്ര ഉത്തരവ് വരുന്നതിനു മുമ്പുതന്നെ കേരളത്തിൽ രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ച് ഉത്തരവുണ്ടായിരുന്നു.
ചുമതലയേറ്റയുടൻ സമയം നീട്ടി മേധാവി
ഫോറൻസിക് വിഭാഗം മേധാവിയായി ബുധനാഴ്ച ചുമതലയേറ്റ ഡോ. ഹിതേഷ് ശങ്കർ അന്നു തന്നെ പോസ്റ്റ് മോർട്ടം ഏഴുമണി വരെ നീട്ടുകയായിരുന്നു. ഏഴുമണിക്ക് മുൻപേയെത്തിയ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. ജീവനക്കാരുടെ ജോലി സമയം രണ്ട് ഷിഫ്റ്റുകളാക്കിയാണ് സമയം ദീർഘിപ്പിച്ചത്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ഫോറൻസിക് മേധാവി കത്തുനൽകി. മഞ്ചേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് മേധാവിയായിരുന്നു ഡോ.ഹിതേഷ് ശങ്കർ. രണ്ടു വർഷം മുൻപ് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് മഞ്ചേരിയിൽ നിയമിതനായത്.
വെളിച്ചമില്ലാതെ...
മെഡിക്കൽ കോളേജിലെ തെരുവുവിളക്കുകൾ കത്തുന്നില്ല.
കെ.എസ്.ഇ.ബി അറ്റകുറ്റപ്പണികൾ നടത്തുന്നത് ഒഴിവാക്കിയതോടെ തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പുമാണ് ചുമതല. മോർച്ചറി പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും രാത്രി വെളിച്ചം ഉറപ്പുവരുത്തുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുളങ്കുന്നത്തുകാവിൽ ഫോറൻസിക് സർജൻമാർ: 4
പി.ജി. വിദ്യാർത്ഥികൾ: 12
ഫ്രീസറുകൾ: 16
പോസ്റ്റ് മോർട്ടത്തിനായി ദിവസവും രാത്രി 7 വരെ മോർച്ചറിയിൽ മൃതദേഹങ്ങൾ സ്വീകരിക്കും. ഇൻക്വസ്റ്റ് പൂർത്തിയാക്കി 7 മണിക്കുളളിൽ ലഭിക്കുന്ന മൃതദേഹങ്ങൾ എട്ടുമണിയോടെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
ഡോ. ടി.എസ്.ഹിതേഷ് ശങ്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |