തൃശൂർ: അസുഖത്തെ തുടർന്ന് ആശുപത്രയിൽ പ്രവേശിക്കപ്പെട്ട താണിക്കുടം ദേവസ്വം ഓഫീസർക്ക് പകരം കൊച്ചിൻ ദേവസ്വം ബോർഡ് ആളെ നിയമിച്ചില്ലെന്ന് ആക്ഷേപം. ഇതോടെ എട്ടോളം ക്ഷേത്രങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. കഴിഞ്ഞ 18 ന് ആണ് താണിക്കുടം ദേവസ്വം ഓഫീസർ അസുഖത്തെ തുടർന്ന് അവധിക്ക് അപേക്ഷിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ബോർഡ് തീരുമാനമെടുത്തില്ല.
ഇതിനിടയിൽ ഓഫീസർ ആശുപത്രയിൽ പ്രവേശിക്കപ്പെട്ടു. എന്നാൽ ദേവസ്വത്തിൽ പകരത്തിന് ആളെ നിയമിക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. താണിക്കുടം ദേവസ്വത്തിന് കീഴിൽ ഏഴ് കീഴേട ക്ഷേത്രങ്ങളുണ്ട്. നെട്ടിശേരി ക്ഷേത്രം, അവിലിശേരി, കുളമിറ്റം, പുളയം പനങ്ങാട്ടുകര, മുക്കാട്ടുകര മഹാവിഷ്ണു ക്ഷേത്രം, കോക്കുളങ്ങര എന്നിവയാണ് കീഴേട ക്ഷേത്രങ്ങൾ. ഇതിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾ ഏറെ വരുന്നതാണ്.
താണിക്കുടത്തെ അടക്കം എല്ലാ ക്ഷേത്രങ്ങളിലേയും അതാത് ദിവസത്തെ വരവ് രജിസ്റ്ററിൽ രേഖപ്പെടുത്തി അന്ന് തന്നെ ബാങ്കിൽ അടക്കേണ്ടതാണ്. എന്നാൽ ഇതെല്ലാം ചെയ്യുന്നത് പ്യൂൺ തസ്തികയിലുള്ളവരാണ്. പത്ത് ദിവസമായിട്ടും ഇക്കാര്യത്തിൽ ബോർഡിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല. താണിക്കുടം ക്ഷേത്രത്തിൽ നിന്ന് മാത്രം മാസം പത്ത് ലക്ഷത്തിലേറെ വരുമാനം ലഭിക്കുന്നതായി പറയുന്നു. ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് നെട്ടിശേരി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് മുടങ്ങിയ സംഭവത്തിൽ നടപടി ബോർഡിന്റെ പരിഗണനയിലാണ്.
ബോർഡിനെ അറിയിക്കുന്നില്ലെന്ന്
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന പല കാര്യപ്രധാന പ്രശ്‌നങ്ങളും ഭരണസമിതിയെ അറിയിക്കുന്നില്ലെന്നും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ബോർഡ് നിലവിൽ വന്നത്. അതുകൊണ്ട് പല പ്രശ്‌നങ്ങളും വിവാദമാകുമ്പോൾ ആണ് അറിയുന്നതെന്നും പറയുന്നു. ഇത് തുടക്കത്തിൽ ഇടപെടാൻ സാധിക്കാത്ത സഥിതിയാണെന്നും ആക്ഷേപമുണ്ട്.
താണിക്കുടം ക്ഷേത്രത്തിൽ അടുത്ത ദിവസം പുതിയ ആളെ നിയമിക്കാനുള്ള നടപടി ആയിട്ടുണ്ട്. അവധി അപേക്ഷ ലഭിച്ചിട്ടുണ്ട്.
( ഉദയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |