പാവറട്ടി: വിത കഴിഞ്ഞ കോൾപടവുകൾ വെള്ളം കിട്ടാതെ വറ്റി വരണ്ടതിനാൽ കർഷകർ ദുരിതത്തിൽ. 460 ഏക്കറോളം വരുന്ന വടക്കെ കോഞ്ചിറയും തെക്കെ കോഞ്ചിറയും ഉൾപ്പെടുന്ന കോൾപടവുകളിലാണ് രണ്ടാഴ്ച പ്രായമായ നെൽച്ചെടികൾ വെള്ളം കിട്ടാതെ ഉണക്കുഭീഷണി നേരിടുന്നത്. മഴ കുറവായിട്ടും ഏനാമാക്കൽ റെഗുലേറ്റർ ഷറ്ററുകൾ അടയ്ക്കാത്തതിനെ തുടർന്ന് ഫേസ് കനാലിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കർഷകർ പറഞ്ഞു. ഇതുമൂലം കോൾപടവുകളിൽ ആവശ്യമായ വെള്ളം എത്താത്തതിനാൽ നെൽച്ചെടികൾ ഉണങ്ങി തുടങ്ങി. കർഷകരുടെയും കോൾ കർഷകസംഘം ഭാരവാഹികളുടെയും നിരന്തരമായ പരാതികൾക്കുശേഷം ഷട്ടറുകൾ അടച്ചെങ്കിലും പതിനഞ്ചിൽ രണ്ടെണ്ണം അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഫേസ് കനാലിലെ ജലനിരപ്പ് 50 സെന്റീമീറ്ററായി കുറഞ്ഞു. ഇത്രയും കുറഞ്ഞ അളവിൽ പടവുകളിലേക്ക് വെള്ളം എത്താൻ കഴിയില്ലെന്നാന്ന് കർഷകർ പറയുന്നത്.
പ്രതിസന്ധികൾ പലത്
ജലനിരപ്പ് 90 മുതൽ 100 സെന്റീമീറ്റർ ഉയർന്നാൽ മാത്രമെ പടവുകളിലേക്ക് വെള്ളം ലഭിക്കൂ. അതിനായി ഷട്ടറുകൾ പൂർണമായും സമയ ബന്ധിതമായി പ്രവർത്തിപ്പിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനിടെ വേലിയിറക്ക സമയത്ത് ജലനിരപ്പ് കൂടുതൽ താഴും. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം ഫേസ് കനാലിലേക്ക് കയറാനുള്ള സാദ്ധ്യതയും നിലനിൽക്കുകയാണ്. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കാനും ഷട്ടറുകളുടെ നിയന്ത്രിക്കുയും ചെയ്യേണ്ട ജലസേചന വകുപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യമില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നതായി കർഷകർ ആരോപിക്കുന്നു. റെഗുലേറ്ററിനു സമീപം ഓഫീസ് സംവിധാനം ഉണ്ടെങ്കിലും സ്റ്റാഫ് ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല എന്ന് കർഷകർ പറയുന്നു. അടിയന്തരമായി ജലസേചന വകുപ്പ് അധികാരികൾ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യമായ ജീവനക്കരെ നിയമിക്കണമെന്നും ഷട്ടറുകൾ പൂർണമായി അടയ്ക്കണമെന്നും കോൾ കർഷകസംഘം നേതാവ് ടി.വി.ഹരിദാസൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |