തൃശൂർ: കേന്ദ്ര സബ്‌സിഡി നേരിട്ട് കർഷകരിലെത്തിച്ച്, സംഭരണത്തുക വൈകലിൽ സംസ്ഥാന സർക്കാരിന്റെ കേന്ദ്ര അവഗണന വാദങ്ങളുടെ മുനയൊടിക്കാൻ കേന്ദ്രസർക്കാർ. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) പദ്ധതിക്ക് പച്ചക്കൊടി വീശുന്നതോടെ സബ്‌സിഡി നേരിട്ട് കർഷകരുടെ അക്കൗണ്ടിലെത്തും. കഴിഞ്ഞമാസം കേന്ദ്രസംഘം തൃശൂരിലെ കോൾപ്പാടങ്ങളടക്കം സന്ദർശിച്ച് സംസ്ഥാനത്തെ കർഷകരുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള ഡി.ബി.ടി പദ്ധതിയെ സംബന്ധിച്ച് കർഷകർ കേന്ദ്രസംഘത്തോട് ആശയവിനിമയം നടത്തിയിരുന്നു. ആറ് മാസം മുമ്പ് ഡി.ബി.ടി പദ്ധതി കേരളത്തിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വഴി കേന്ദ്ര കൃഷിമന്ത്രാലയത്തിന് നിവേദനം നൽകിയത് കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. ഈ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് കർഷകരുമായി നേരിട്ട് ആശയവിനിമയം നടത്താനാണ് സംഘം കേരളത്തിലെത്തിയത്.
കേന്ദ്രം നൽകിയാലും കിട്ടാൻ വൈകും
നിലവിൽ കേന്ദ്രം നൽകുന്ന സബ്‌സിഡി തുകയും സംസ്ഥാനം നൽകുന്ന തുകയും ചേർത്താണ് കർഷകർക്ക് നൽകുന്നത്. കേന്ദ്രം തുക നൽകിയാലും സംസ്ഥാനത്തിന്റെ തുക കൂടി ചേർത്ത് കിട്ടാൻ മാസങ്ങളോളം കാത്തിരിക്കണം. നിലവിൽ നെൽക്കർഷകർക്ക് സബ്‌സിഡിയായി കിലോയ്ക്ക് 28.20 രൂപയാണ് നൽകുന്നത്. ഇതിൽ 23 രൂപ കേന്ദ്രസർക്കാരും 5 രൂപ 20 പൈസ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. രജിസ്റ്റർ ചെയ്ത നെൽക്കർഷകർക്ക് സബ്‌സിഡി ലഭിക്കും. സപ്ലൈകോ വഴിയാണ് നെല്ല് സംഭരണം നടത്തുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കി
ബിഹാർ, കർണാടക, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ വിവിധ കാർഷിക വിളകൾക്കുള്ള സബ്‌സിഡി തുക നൽകുന്നത് ഡി.ബി.ടി സ്‌കീം വഴിയാണ്. എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. സബ്‌സിഡി തുക വൈകാതെ നൽകുന്നതിനാലാണ് ഈ സംസ്ഥാനങ്ങളിൽ ഡി.ബി.ടി പദ്ധതി നടപ്പാക്കാത്തതെന്നാണ് വിവരം.
കർഷകർക്ക് ബാങ്കിലേക്ക് നേരിട്ട് കേന്ദ്ര സബ്‌സിഡി വന്നാൽ ആശ്വാസമാകും. നെല്ലുൽപാദിപ്പിക്കുന്നതല്ല പ്രശ്‌നം, സംഭരണ തുക വൈകുന്നതാണ് പ്രതിസന്ധി. പക്ഷേ കേന്ദ്രത്തിന്റെ ഈ പദ്ധതി എത്രത്തോളം പ്രാബല്യത്തിലാകുമെന്ന് വന്നാലേ ഉറപ്പിക്കാനാകൂ.
-എൻ.കെ.സുബ്രഹ്മണ്യൻ,
കിസാൻസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |